വൈരുദ്ധ്യാത്മക ഭൗതികവാദം; എം.വി ഗോവിന്ദന് തെറ്റുപറ്റിയെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ

കണ്ണൂർ: വൈരുദ്ധ്യാത്മക ഭൗതീക വാദത്തെ സംബന്ധിച്ചുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവന തെറ്റെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ. പാർട്ടി ക്ലാസ് എടുക്കുന്ന ഒരാൾ ഇത്തരത്തിൽ പറഞ്ഞു കൂടാ. “ഞാനാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേനെ “- ബർലിൽ കുഞ്ഞനന്തൻ നായർ പറഞ്ഞു. ലോകം ഉള്ളിടത്തോളം കാലം വൈരുദ്ധ്യാത്മക ഭൗതീക വാദം പ്രസക്തമാണ്. ഇത് പറയാൻ രണ്ട് തവണ എം.വി ഗോവിന്ദനെ വിളിച്ചു പക്ഷെ കിട്ടിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.

എം.വി ഗോവിന്ദന്റെ പ്രസ്താവന പരക്കെ ചർച്ചയായെന്നും വിദേശത്തുള്ള മകൾ തന്നെ അത് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭൗതീക വാദത്തിൽ നിന്ന് ആത്മീയ വാദത്തിലേക്ക് കമ്മ്യൂണിസ്റ്റുകൾ വഴി തെറ്റി പോക്കാൻ അനുവദിച്ചു കൂടാ. ശബരിമലയിൽ ആളുകൾ പോവുകയോ പോകാതിരിക്കുകയോ ചെയ്യട്ടെ .കമ്മ്യൂണിസ്റ്റുകൾ അനാവശ്യമായാണ് ശബരിമല വിഷയം ചർച്ച ചെയ്യുന്നതെന്നും ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞു.

“ഇന്ന് കണ്ണൂരിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബർലിൻ കുഞ്ഞനന്തൻ നായരെ കാണുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. പിണറായി വിജയനെ കാണാൻ കഴിയാത്തതിൽ കുണ്ഠിതമുണ്ട്. എന്നാൽ നിരാശയില്ല. അദ്ദേഹം വരുമെന്ന് തന്നെയാണ് വിശ്വാസം. മരിക്കുന്നതിന് മുമ്പ് കാണാനാകുമെന്നാണ് പ്രതീക്ഷ. പൊറുക്കാനാവാത്ത തെറ്റ് താൻ ചെയ്തിട്ടില്ല”-  ബർലിൻ പറഞ്ഞു.

പിണറായി വിജയനെ കാണണമെന്ന് തന്റെ വിമർശനങ്ങൾ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയണമെന്നും ബർലിൻ കുഞ്ഞനന്തൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉൾപാർട്ടി വിമർശനങ്ങൾ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമായിരുന്നു. പിണറായി സർക്കാറിന്റെ ഭരണ തുടർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നവകേരളം യുവകേരളം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാൻ കണ്ണൂരിൽ എത്തുമ്പോൾ പിണറായി വിജയൻ കാണാനെത്തുമെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ കണക്ക് കൂട്ടിയിരുന്നു.