പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ കേരളത്തിൽ  ; കൊച്ചിയിൽ  6000  കോടി രൂപയുടെ പദ്ധതികൾ സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും

പുതുതലമുറ അടിസ്ഥാനസൗകര്യ വികസനം കേരളത്തിൽ സാധ്യമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രിമാരായ ശ്രീ  ധർമേന്ദ്ര പ്രധാൻ , ശ്രീ മൻസൂഖ് മാണ്ഡവിയ

മികച്ച ജീവിതസൗകര്യങ്ങളും, ശോഭനമായ ഭാവിയും ലക്ഷ്യമിട്ട് പുതു തലമുറ അടിസ്ഥാനസൗകര്യ വികസനം കേരളത്തിൽ സാധ്യമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെ മുൻപോട്ടുള്ള യാത്രയിൽ അതീവ പ്രാധാന്യമുള്ള ചില പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ രാജ്യത്തിനു സമർപ്പിക്കും.  ഈ പദ്ധതികൾ കേരളത്തിലെയും ദക്ഷിണേന്ത്യയുടെയും തന്നെ വ്യാവസായിക ആവാസവ്യവസ്ഥയിൽ അതീവപ്രാധാന്യം ഉള്ളതാണെന്ന്  പെട്രോളിയം പ്രകൃതിവാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ

പ്രധാനമന്ത്രിയുടെ നാളത്തെ  കേരള സന്ദർശനത്തിന് മുന്നോടിയായി ഇന്ന് കൊച്ചിയിൽ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത രാസവസ്തു വള  മന്ത്രാലയങ്ങളുടെ  ചുമതലയുള്ള സഹമന്ത്രി  ശ്രീ മൻസുഖ് മാണ്ഡവ്യ , വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ,  വിവിധ മന്ത്രാലയങ്ങൾ,  ബിപിസിഎൽ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലെ ഉന്നത  ഉദ്യോഗസ്ഥരും പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

നാളെ ഉച്ചയ്ക്ക് 2 30 ന് .ബിപി സി എല്ലിൽ  എത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, അവിടെ നടക്കുന്ന ചടങ്ങിൽ ബിപിസിഎല്ലിന്റെ പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്റ്റ് (പിഡിപിപി), ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ വില്ലിങ്ടൺ ദ്വീപിലുള്ള  റോൾ ഓൺ റോൾ ഓഫ് (റോ -റോ ) വെസ്സലുകൾ , തുടങ്ങിയവ രാജ്യത്തിന് സമർപ്പിക്കും. ഇതോടൊപ്പം കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ “സാഗരിക, കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ  മറൈൻ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്,  വിഗ്യാന സാഗർ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൊച്ചിൻ പോർട്ട് ട്രസ്റ്റ്ന്റെ സൗത്ത് കോൾ ബർത്തിന്റെ ശിലാസ്ഥാപനവും ശ്രീ മോദി നാളെ നിർവഹിക്കും

പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്നതും തുടക്കമിടുന്നതുമായ പദ്ധതികളിലൂടെ 6000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തുന്നു . കൊച്ചി ബി പി സി എൽ എണ്ണ ശുദ്ധീകരണ  ശാലയിലെ  പ്രോപിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ സമുച്ചയം, രാജ്യത്ത് തന്നെ പൊതു സ്വകാര്യ മേഖലകളിൽ ഇത്തരത്തിൽ ആദ്യത്തേതാണ് കേന്ദ്ര മന്ത്രി ശ്രീ  ധർമേന്ദ്ര പ്രധാൻ  ചൂണ്ടിക്കാട്ടി.
രാജ്യത്തേക്ക് നിലവിൽ ഇറക്കുമതിചെയ്യുന്ന പ്രത്യേകതരം പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ ഇത് അവസരമൊരുക്കും. 2015 ഇൽ തുടക്കമിട്ട പദ്ധതി നാളെ മുതൽ തന്നെ പ്രവർത്തനസജ്ജം ആകുന്നതാണ്. പദ്ധതി കേരളത്തിലെ വ്യാവസായിക സാമ്പത്തിക വികസനത്തിൽ പുതു അധ്യായം രചിക്കും എന്നും  കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതീക്ഷ പ്രകടിപ്പിച്ചു

കേരളം മനോഹരമായ  സംസ്ഥാനം ആണെന്നും, മെഡിക്കൽ ടൂറിസം മേഖല ഇവിടെ വികസിച്ചു വരികയാണെന്നും  തുറമുഖ ഷിപ്പിംഗ് ജലഗതാഗത രാസവസ്തു വള  മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി മൻസൂഖ്  മാണ്ഡവ്യ പറഞ്ഞു . യാത്ര, വിനോദസഞ്ചാര, അനുബന്ധ മേഖലകളിൽ  വ്യവസായ വികസനത്തിന്റെ പുത്തൻ സാധ്യതകൾ തുറക്കാൻ, കൊച്ചി തുറമുഖത്ത് നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന സാഗരിക അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ വഴി തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിൽ വിനോദസഞ്ചാര വ്യവസായങ്ങൾ പ്രത്യേകിച്ചും, പരിസ്ഥിതി സൗഹൃദ വ്യവസായ വികസനം സാധ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും, ഇതിൽ നിന്നും പരമാവധി പ്രയോജനം സ്വന്തമാക്കാൻ കേരളത്തിന് കഴിയണമെന്നും  അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫാക്ടിലേക്കുള്ള ചരക്കുനീക്കം, മികച്ച രീതിയിലും വേഗത്തിലും സാധ്യമാക്കാൻ  സൗത്ത് കോൾ ബർത്ത്ന്റെ പുനർനിർമ്മാണം വഴിതുറക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചി നഗരത്തിലെ തിരക്കേറിയ പാതകൾ ഒഴിവാക്കാൻ ബോൾഗാട്ടി ക്കും വില്ലിങ്ടൺ ദ്വീപിനും ഇടയിലുള്ള റോറോ സംവിധാനം  സഹായിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ഇത് നഗര ഗതാഗത തിരക്ക് ഒഴിവാക്കാനും, മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും വഴിതുറക്കും

രാജ്യത്തെ ജല പാതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിന്റെ ചുവടുപിടിച്ചാണ് ഈ റോറോ സംവിധാനം സജ്ജമാക്കിയിരിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു

മെക്കാനിക്കൽ /നേവൽ/ ആർക്കിടെക്റ്റ് മേഖലയിൽ ഓരോ വർഷവും 114 എന്ജിനീയർമാരെ സൃഷ്ടിക്കാൻ മറൈൻ എൻജിനീയറിങ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് അവസരമൊരുക്കുമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, അതിവേഗം മുന്നേറുന്ന ഈ മേഖലയിൽ മികച്ച കഴിവുകളുള്ള മനുഷ്യവിഭവശേഷി സജ്ജമാക്കാൻ ഈ സ്ഥാപനം അവസരം ഒരുക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു

സംസ്ഥാനത്തിനും, രാജ്യത്തിനും സാമ്പത്തിക വികസനത്തിനായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന ഈ പദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങൾ ജനങ്ങൾക്ക് ഉറപ്പു നൽകും എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി

കേരള ഗവർണർ ശ്രീ ആരിഫ്  മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, പെട്രോളിയം പ്രകൃതി വാതക സ്റ്റീൽ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, തുറമുഖ ഷിപ്പിംഗ് ജലഗതാഗത രാസവസ്തു വള സഹമന്ത്രി ശ്രീ മൻസൂഖ്  മാണ്ഡവ്യ, വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ എന്നിവർ  നാളത്തെ ചടങ്ങിൽ പങ്കെടുക്കും