തിരുവിതാംകൂര്‍ പൈതൃക പദ്ധതി കേരള ടൂറിസം മേഖലയിലെ വലിയ ചുവടുവയ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ പൈതൃക ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവിതാംകൂര്‍ പൈതൃക ടൂറിസം പദ്ധതി നിര്‍മ്മാണോദ്ഘാടനത്തിന്‍റെ ശിലാഫലകം അനാച്ഛാദനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ടൂറിസം ഡയറക്ടര്‍ ശ്രീ. പി.ബാലകിരണ്‍ ഐ.എ.എസ്, കെ.ടി.ഡി.സി എം.ഡി ശ്രീ. കൃഷ്ണതേജ മൈലവരപ്പ് ഐ.എ.എസ്, കാഴ്ചബംഗ്ലാവ് ആന്‍റ് മൃഗശാല വകുപ്പ് ഡയറക്ടര്‍ ശ്രീ.എസ്.അബു തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം: തിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധമായ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുകയും അന്താരാഷ്ട്ര തലത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 100 കോടി ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തിരുവിതാംകൂര്‍ പൈതൃക ടൂറിസം പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ടൂറിസം ഡയറക്ടറേറ്റ് പാര്‍ക്ക് വ്യൂ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

തിരുവിതാംകൂറിന്‍റെ മഹനീയ ചരിത്രവും പൈതൃകവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം മേഖല വലിയ ചുവടുവയ്പാണ് നടത്തുന്നതെന്ന് ടൂറിസം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ പൈതൃക കെട്ടിടങ്ങളുടെ നവീകരണത്തിലും ദീപാലങ്കാരത്തിലും ആരംഭിച്ച് തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ പൂര്‍ണമായും സഞ്ചാരികള്‍ക്ക് അനുഭവിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ഇത് വിദേശ വിനോദ സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നതിനൊപ്പം കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്കാകെ പുതിയ ഉണര്‍വ് പകരുമെന്നും ഉറപ്പാണ്.

ചരിത്രത്തില്‍ ഒരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ മൂന്നാല് വര്‍ഷം ടൂറിസം മേഖല കടന്നുപോയത്. എന്നാല്‍ ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റാനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. 2018-19 കാലത്ത് ടൂറിസം വരുമാനം റെക്കോര്‍ഡ് നേട്ടത്തിലെത്തി. പുതിയതായി ഉദ്ഘാടനം ചെയ്ത നിരവധിയായ പദ്ധതികളിലൂടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളത്തിനാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

തിരുവിതാംകൂര്‍ ചരിത്രത്തെയും പൈതൃക മന്ദിരങ്ങളെയും ആരാധനാലയങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് പുരാരേഖ, പുരാവസ്തു മ്യൂസിയം മന്ത്രി ശ്രീ.രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനിലൂടെ പദ്ധതിക്ക് ആശംസയറിച്ചുകൊണ്ട് പറഞ്ഞു. പഴമയുടെ പ്രൗഢിയും പെരുമയും നിലനിര്‍ത്തുന്ന പദ്ധതിയില്‍ പുരാവസ്തു, മ്യൂസിയം വകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയതിലുള്ള സന്തോഷവും മന്ത്രി അറിയിച്ചു.

മുസിരിസ്, തലശ്ശേരി പൈതൃക പദ്ധതികളുടെ മാതൃകയില്‍ സമ്പന്നമായ ചരിത്രമുള്ള തിരുവിതാംകൂറിനെയും ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താനുള്ള പരിശ്രമമാണ് വിജയം കാണുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് ഐ.എ.എസ് പറഞ്ഞു. തിരുവനന്തപുരം നഗരവും പഴയ തിരുവിതാംകൂര്‍ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന പദ്ധതി സാക്ഷാത്കരിക്കുന്നതോടെ വിനോദസഞ്ചാരികള്‍ക്കൊപ്പം ചരിത്ര പഠിതാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പദ്ധതിയായി ഇത് മാറുമെന്നും അവര്‍ പറഞ്ഞു.

ടൂറിസം മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ട് 450 കോടിയുടെ വികസന പദ്ധതികളാണ് ജില്ലയില്‍ നടക്കുന്നതെന്നും തിരുവിതാംകൂര്‍ പൈതൃക പദ്ധതി തലസ്ഥാന നഗരത്തിന് അഭിമാനമായി മാറുമെന്നും ടൂറിസം ഡയറക്ടര്‍ ശ്രീ. പി.ബാലകിരണ്‍ ഐ.എ.എസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 30 പൈതൃക മന്ദിരങ്ങളില്‍ ദീപാലങ്കാരം നടത്തും. തുടര്‍ന്ന് ഇത് അമ്പതോളം കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനൊപ്പം പൈതൃക മന്ദിരങ്ങള്‍ മ്യൂസിയങ്ങളായി നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി.ഡി.സി എം.ഡി ശ്രീ. കൃഷ്ണതേജ മൈലവരപ്പ് ഐ.എ.എസ്, കാഴ്ചബംഗ്ലാവ് ആന്‍റ് മൃഗശാല വകുപ്പ് ഡയറക്ടര്‍ ശ്രീ.എസ്.അബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ചരിത്ര സ്മാരകമായ പദ്മനാഭപുരം കൊട്ടാരം മുതല്‍ ആറൻമുള പാര്‍ത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന പൈതൃക ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് നടക്കുക. തിരുവിതാംകൂറിലെ കൊട്ടാരങ്ങള്‍, മാളികകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ പഴമ നഷ്ടപ്പെടാതെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നാല് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, കിഴക്കേക്കോട്ട, എം.ജി റോഡ് മുതല്‍ വെള്ളയമ്പലം വരെയുള്ള 19 കെട്ടിട സമുച്ചയങ്ങള്‍ എന്നിവ അത്യാധുനിക പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിച്ച് മനോഹരമാക്കും. തുടര്‍ന്ന് കിഴക്കേകോട്ട മുതല്‍ ഈഞ്ചക്കല്‍ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാല്‍ ആകര്‍ഷകമാക്കും. ഫോര്‍ട്ട്, മ്യൂസിയം, ശംഖുംമുഖം സോണുകളിലായി 42 കെട്ടിടങ്ങളാണ് അലങ്കരിക്കുന്നത്. ഇതില്‍ വഴുതക്കാട്ടെ ട്രിഡയുടെ പഴയ കെട്ടിടം, പോലീസ് ആസ്ഥാനം, മാസ്കറ്റ് ഹോട്ടല്‍, പാളയം സി.എസ്.ഐ പള്ളി, കോട്ടയ്ക്കകത്തെ അമ്മവീടുകള്‍ എന്നിവ ഉള്‍പ്പെടും. ജയ്പൂര്‍ മാതൃകയിലാണ് വൈദ്യുതാലങ്കാരം നടത്തുന്നത്. സെക്രട്ടറിയേറ്റ് മന്ദിരം ലേസര്‍ പ്രൊജക്ഷന്‍ വഴി ആകര്‍ഷകമാക്കും.