താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

    തിരുവനന്തപുരം: ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം ശക്തമാകുന്നതിനിടെ മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാകുകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

    അതേസമയം സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യോഗം വിലയിരുത്തി. സ്ഥിരപ്പെടുത്തല്‍ പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് തീരുമാനത്തില്‍നിന്ന് പിന്നോട്ടുമാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

    ആരോഗ്യ വകുപ്പിലും വനംവകുപ്പിലും സ്ഥിരപ്പെടുത്തലിനുള്ള നീക്കങ്ങള്‍ നടക്കുന്നുമുണ്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇരുന്നൂറില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. ആരോഗ്യ വകുപ്പിലും റവന്യൂ വകുപ്പിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തിരുമാനമായിട്ടുണ്ട്.

    പുതിയതായി സൃഷ്ടിക്കുന്ന തസ്തികകള്‍; ഹയര്‍ സെക്കന്‍ഡറി – 151 (35 സ്‌കൂളുകളിലാണ് തസ്തിക. അധ്യാപക – അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും), ആരോഗ്യ വകുപ്പ് – 3000, പരിയാരം മെഡിക്കല്‍ കോളേജ് – 772, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് – 1200, ആയുഷ് വകുപ്പ്- 300, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് – 728, മണ്ണ് സംരക്ഷണ വകുപ്പ് – 111