കായിക താരം പി ടി ഉഷ ബി ജെ പിയിലേയ്‌ക്ക്; ഉണ്ണി മുകുന്ദൻ മുതൽ മല്ലിക സുകുമാരൻ വരെയുളളവരുമായി ചർച്ച നടത്തി നേതൃത്വം

    തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന് പിന്നാലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതൽ പേർ ബി.ജെ.പിയിൽ എത്തുമെന്ന് സൂചന. പയ്യോളി എക്‌സ്‌പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷയെ ആണ് ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നതെന്നാണ് വിവരം.

    കെ.സുരേന്ദ്രന്റെ വിജയയാത്രയിൽ വച്ചായിരിക്കും പി.ടി ഉഷയും ബി.ജെ.പിയിൽ ചേരുകയെന്നാണ് വിവരം. കർഷക സമര വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചുകൊണ്ടുളള ട്വിറ്റർ ക്യാമ്പയിനിൽ പി.ടി ഉഷയും ഉണ്ടായിരുന്നു. അന്നു തന്നെ ഉഷയുടെ ബി.ജെ.പി അനുഭാവത്തെ കുറിച്ചുളള ചർച്ചകളും തുടങ്ങിയിരുന്നു.

    പി.ടി ഉഷയ്‌ക്ക് പുറമെ സിനിമ രംഗത്ത് നിന്നും കൂടുതൽ പേരെ പാർട്ടിയിൽ എത്തിക്കാനുളള നീക്കം സജീവമായി തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതാരം ഉണ്ണി മുകുന്ദനുമായി സുരേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു. എന്നാൽ കരാറിലേർപ്പെട്ട ചിത്രങ്ങൾ ഉണ്ടെന്നും ഭാവിയിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞു.

    സിനിമാനടി അനുശ്രീയുമായും ബി.ജെ.പി നേതാക്കൾ ചർച്ച നടത്തിയിരുന്നു. എന്നാൽ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു അനുശ്രീ നേതാക്കളോട് പറഞ്ഞത്. താരത്തിന്റെ ബാലഗോകുലം ബന്ധം ഉൾപ്പടെയുളളവ നേരത്തെ വിവാദമായിരുന്നു. സീരിയൽ നടി നിഷാ സാരംഗുമായുളള ചർച്ചകൾ പുരോഗമിക്കുകയാണ്.

    നടി മല്ലികാ സുകുമാരനുമായുളള ചർച്ച അവസാന ഘട്ടത്തിലാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന വിവരം. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചർച്ചയിൽ മല്ലിക സുകുമാരൻ പറഞ്ഞത്. ചർച്ചയിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

    രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ഇടവേള ബാബു അടക്കമുളള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ അണിചേർന്നിരുന്നു. തൊട്ടുപിന്നാലെയാണ് സാംസ്‌ക്കാരിക രംഗം കേന്ദ്രീകരിച്ച് ബി.ജെ.പിയും നീക്കം സജീവമാക്കിയത്. കൂടുതൽ പുതിയ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ശ്രീശാന്ത്, ഭീമൻരഘു, രാജസേനൻ തുടങ്ങിയവർ ബി.ജെ.പിയിൽ അംഗത്വമെടുത്ത് സ്ഥാനാർത്ഥികളായത്.