‘ഭിന്നശേഷിക്കാരുടേയും മാതാപിതാക്കളുടേയും മാനസികാരോഗ്യവും ക്ഷേമവും’ നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ ശനിയാഴ്ച

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറിന്‍റെ ഭാഗമായി ഫെബ്രുവരി 20 ശനിയാഴ്ച ‘ഭിന്നശേഷിക്കാരായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവരെ പരിചരിക്കുന്നവരുടെയും മാനസികാരോഗ്യവും ക്ഷേമവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഗൂഗിള്‍ മീറ്റിലൂടെ നടത്തുന്ന സെമിനാറിന്‍റെ തത്സമയ സംപ്രേഷണം രാവിലെ 10.30 മുതല്‍ 11.30 വരെ  നടക്കും. തിരുവനന്തപുരം  ബ്രൈറ്റ് റേ- ട്രെയിനിംഗ് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപകയും ഡയറക്ടറുമായ  അരോലിന്‍ കെ ടോം നേതൃത്വം നല്‍കും.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണം വളരെ വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്.  വേണ്ട രീതിയില്‍ പരിചരണം ലഭിച്ചില്ലെങ്കില്‍  ഭിന്നശേഷി പ്രശ്നങ്ങള്‍ കൂടുതല്‍ മോശമായേക്കാം. മാതാപിതാക്കളുടെ അജ്ഞതയും അറിവില്ലായ്മയും പലപ്പോഴും സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നു. ഇത് കുടുംബത്തിന്‍റെ മൊത്തം മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. അതിനാല്‍, ഭിന്നശേഷിക്കാരെ ശാക്തീകരിക്കുകയും സമൂഹത്തിന്‍റെ വളര്‍ച്ചയിലും വികസനത്തിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം, മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങള്‍, മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചയാണ് ഈ സെമിനാര്‍.

സെമിനാറിന്‍റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി  http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്   http://nidas.nish.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0471- 2944675.