ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികൾ

തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് പട്ടികയില്‌‍ ഉൾപ്പെട്ട ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സമരം തുടരുമെന്ന് ചർച്ചയ്ക്കു ശേഷം ഉദ്യാഗാർത്ഥികളുടെ പ്രതിനിധികൾ അറിയിച്ചു. ഹോം സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാം എന്നിവരാണ് സിപിഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുമായി ചർച്ച നടത്തിയത്.

കൃത്യമായ ഉത്തരവ് ലഭിക്കും വരെ സമാധാനപരമായി സമരം തുടരുമെന്ന് ചർച്ചയ്ക്കു ശേഷം ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. ശുഭ പ്രതീക്ഷയുണ്ട്. രേഖാമൂലം ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നുംഅവർ  കൂട്ടിച്ചേർത്തു.

കാര്യങ്ങൾ  മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചത്. സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.