ഇഎംസിസി കമ്പനിക്ക് പള്ളിപ്പുറത്ത് ഭൂമി നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കി

    തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി സര്‍ക്കാര്‍.

    ഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി. വ്യവസായ മന്ത്രിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം കെഎസ്ഐഡിസിക്ക് നല്‍കിയത്.

    പ്രാഥമികമായ കരാര്‍ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്ഐഡിസിയുടെ വിശദീകരണം. അതേസമയം ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്ഐഡിസിക്ക് ലഭിച്ച നിര്‍ദേശം.

    കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രവും ട്രോളറുകള്‍ ഉണ്ടാക്കാന്‍ കെഎസ്ഐഎന്‍എലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രവും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.