കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടം.  വോട്ടെടുപ്പ്  ഏപ്രിൽ 6 ന്.  ഫലപ്രഖ്യാപനം മെയ് 2 ന്

    കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടം.  വോട്ടെടുപ്പ്  ഏപ്രിൽ 6 ന്.  ഫലപ്രഖ്യാപനം മെയ് 2 ന്

    കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ

    തീയതികള്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ സുനിൽ അറോറ

    ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

    കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപിൽ  6 നും

    വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കും.  സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12 ന് പുറത്തിറങ്ങും. മാർച്ച്

    19 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.  മാർച്ച് 20 ന്പത്രികകളുടെ സൂക്ഷ്മ പരിശോധന

    നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്.

    തമിഴ്നാട്ടിലും, പുതുച്ചേരിയിലുംഏപ്രിൽ 6 നാണ് വോട്ടെടുപ്പ്. അസമിൽ മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ

    തീയതികളിലായി മൂന്ന് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്.  പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായിട്ടാണ്  തിരഞ്ഞെടുപ്പ്

    നടക്കുക. മാർച്ച് 27 ഏപ്രിൽ 1, 6, 10, 17,22,26, 29. എല്ലായിടത്തും മെയ് 2 നാണ് വോട്ടെണ്ണൽ.

    കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി കേരളത്തിൽ ബൂത്തുകളുടെ എണ്ണം 40,771 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.

    പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് പോളിംഗ്. 80

    വയസ്സിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരു

    മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയാണ്. പത്രികാസമർപ്പണത്തിന്

    സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കൂ. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും

    വാഹന റാലികളിൽ അഞ്ച് പേരും മാത്രമേ പാടുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

    സ്ഥാനാർത്ഥികൾ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം.

    കേരളത്തിലെ 140 മണ്ഡലങ്ങളിലുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്

    തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും.

    കേരളത്തിലെ പൊലീസ് നിരീക്ഷകനായി ശ്രീ ദീപക് മിശ്രയെയും, സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷണത്തിന്

    ശ്രീ പുഷ്പേന്ദ്ര പുനിയയെയും നിയോഗിച്ചിട്ടുണ്ട്.

    മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും അതേദിവസം നടക്കും. തമിഴ്നാട്ടിലും ഒറ്റ ഘട്ടമായാണ്

    വോട്ടെടുപ്പ്.  ഏപ്രിൽ 6 നാണ് വോട്ടെടുപ്പ്.  കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും അതേ ദിവസം

    നടക്കും.

    കേരളത്തിലും ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന  തമിഴ്നാട്, ബംഗാള്‍, അസം, പുതുച്ചേരി  എന്നിവിടങ്ങളിലും

    തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വെള്ളിയാഴ്ച നിലവില്‍ വന്നു.