ഇന്ധനവില വര്‍ദ്ധനയുടെ നഷ്ടം നികത്താന്‍ ഡെലിവറി പാര്‍ട്നര്‍മാരുടെ ഫീസ് ഉയര്‍ത്തി സൊമാറ്റോ

ന്യൂഡല്‍ഹി:ഇന്ധനവില വര്‍ദ്ധനവ് തങ്ങളുടെ ജീവനക്കാര്‍ക്ക് വരുത്തിയ വരുമാനനഷ്ടം നികത്താന്‍ഒരുങ്ങുകയാണ് ഓണ്‍ലൈന്‍

ആഹാര വിതരണ കമ്പനിയായ സൊമാറ്റൊ.ആഹാരം വിതരണം ചെയ്യേണ്ട ഡെലിവറി പാര്‍ട്നര്‍മാരുടെ പ്രതിഫലം ഉയര്‍ത്തുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. 7-8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാകുകയെന്ന് സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദര്‍ ഗോയല്‍ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ധന വിലയിലുണ്ടായ വര്‍ദ്ധന തങ്ങളുടെ ഡെലിവറി പാര്‍ട്നര്‍മാരുടെ വരുമാനത്തെ കാര്യമായി ബാധിച്ചെന്ന് മുന്‍പ് സൊമാറ്റോ അറിയിച്ചിരുന്നു. എന്നാല്‍ ഈ വര്‍ദ്ധന ഉപഭോക്താക്കളുടെ മേല്‍ വരില്ലെന്നാണ് കമ്പനി അറിയിച്ചത്.

ഒരു സൊമാറ്റോ ഡെലിവറി പാര്‍ട്ണര്‍ ദിവസവുംനൂറ് മുതല്‍ 120 കിലോമീറ്റര്‍ വരെയാണ് സഞ്ചരിക്കുന്നത്. മാസം 60 മുതല്‍ 80 ലിറ്റര്‍ വരെ ഇന്ധനം ചിലവാകും. ഇപ്പോഴത്തെ വില വര്‍ദ്ധനയിലൂടെ ഇവര്‍ക്ക് 600 മുതല്‍ 800 വരെ രൂപ അധികമായി ഇന്ധനത്തിനുവേണ്ടി ചിലവഴിക്കേണ്ടി വരുന്നു. ഇതിനെ മറികടക്കാനാണ് പ്രതിഫല വര്‍ദ്ധന വരുത്തിയത്. ഭക്ഷണവിതരണത്തിന് ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഡെലിവറി പാര്‍ട്ണര്‍ക്ക് വിതരണം പൂര്‍ത്തിയായി 15 മിനുട്ടുകള്‍ക്കകം പുതിയ ഓര്‍ഡര്‍ ലഭിക്കും. നിലവില്‍ നാല്‍പതോളം നഗരങ്ങളിലാണ് പുതിയ സംവിധാനമുളളത്. വൈകാതെ മറ്റിടങ്ങളിലും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും കമ്പനി സിഒഒ മോഹിത് സര്‍ദാന അറിയിച്ചു. ഒന്നര ലക്ഷം ഡെലിവറി പാര്‍ട്ണര്‍മാരാണ് നിലവില്‍ സൊമാറ്റോയ്ക്കുളളത്.