എക്സിറ്റ് യോഗത്തിന്റ മിനിട്ട്‌സ് സര്‍ക്കാരിന് അയച്ചു; ധനമന്ത്രിയുടെ വാദം തള്ളി സി.എ.ജി

തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുളള അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പ് എക്സിറ്റ് മീറ്റിംഗ് മിനിട്ട്സ് സി എ ജി സര്‍ക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിന്റെ മിനിട്ട്സ് സര്‍ക്കാരിന് അയച്ചെന്നാണ് വിവരാവകാശ പ്രകാരം സി എ ജി വ്യക്തമാക്കുന്നത്. എന്നാല്‍ മിനിട്ട്‌സ് ഒപ്പിട്ട് സര്‍ക്കാര്‍ തിരിച്ചയച്ചില്ലെന്നും സി എ ജി പറയുന്നു.

സി എ ജി റിപ്പോര്‍ട്ടിന്മേലുളള അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ മിനിട്ട്സ് അയച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ കാണിക്കാന്‍ ഐസക് വെല്ലുവിളിച്ചിരുന്നു. 22-6-2020നാണ് എക്സിറ്റ് മീറ്റിംഗ് ചേര്‍ന്നത്. എ ജി എടക്കം എജീസ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥരും ധനകാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറിയും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അടക്കം സര്‍ക്കാര്‍ പ്രതിനിധികള്‍ നാലുപേരും പങ്കെടുത്തു. 1-7-2020 ന് എക്സിറ്റ് മീറ്റിംഗിന്റെ മിനിട്ട്‌സ് സര്‍ക്കാരിന് അയച്ചു. ധനകാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറിക്കാണ് മിനിട്ട്‌സ് അയച്ചത്. പക്ഷെ മിനിട്ട്സ് ഒപ്പിട്ട് സര്‍ക്കാര്‍ തിരിച്ചുനല്‍കിയില്ല.

ഒന്നും അറിയിക്കാതെ ഏകപക്ഷീയമായി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുളള ആരോപണം. എന്നാല്‍ രേഖകള്‍ പുറത്തുവന്നതോടെ കിഫ്ബി വിവാദത്തില്‍ ധനമന്ത്രിയും സര്‍ക്കാരും വെട്ടിലാകും. വിഷയത്തില്‍ ധനവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങളുണ്ടായിട്ടില്ല.

ധനമന്ത്രി കരട് റിപ്പോര്‍ട്ട് തയ്യാറാക്കി അന്തിമ റിപ്പോര്‍ട്ടിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ പ്രതിനിധികളും സി എ ജി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എക്സിറ്റ് മീറ്റിംഗ്. മീറ്റിംഗ് മിനിട്ട്‌സ് പിന്നാലെ സര്‍ക്കാരിന് അയക്കും. സര്‍ക്കാര്‍ പരിശോധിച്ച് ഒപ്പിട്ട് തിരിച്ചു നല്‍കും. പക്ഷെ കിഫ്ബിയെ കുറിച്ച് പരിശോധിച്ച സി എ ജി എക്സിറ്റ് റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതല്‍ ഉന്നയിച്ചത്.