ഓൺലൈൻ റമ്മി കളി നിരോധിച്ചു: വിജ്ഞാപനം ഇറങ്ങി സർക്കാർ

    തിരുവനന്തപുരം∙ ഓൺലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. റമ്മി ഉൾപ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിങ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. ഓൺലൈൻ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സർക്കാർ രണ്ടാഴ്ചമുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

    സംസ്ഥാനത്ത് ഓൺലൈൻ റമ്മി കളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഈ കേസിൽ റമ്മി പോർട്ടലുകളുടെ ബ്രാൻഡ് അംബാസിഡർമാരായ കായിക–സിനിമാ താരങ്ങൾക്ക് കോടതി നോട്ടിസ് അയച്ചിരുന്നു. ഓൺലൈൻ റമ്മി കളിയിലൂടെ നിരവധിപേർക്കു പണം നഷ്ടമായ സാഹചര്യത്തിലാണ് കോടതിയിൽ ഹർജി സമർപിച്ചത്.

    ചില സംസ്ഥാനങ്ങളിൽ ഓൺലൈൻ ചൂതാട്ട ഗെയിമുകൾക്കു നിയന്ത്രണമുണ്ട്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാൽ, കേരളത്തിൽനിന്നുള്ളവർ ഗെയിമിങ് ആപ്പുകളിൽ റജിസ്റ്റർ ചെയ്യുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഗെയിമിങ് കമ്പനികളുടെ സെര്‍വർ ഇന്ത്യയിലല്ലാത്തതിനാൽ നിയമനടപടികൾക്കു പരിമിതിയുണ്ടെന്നു സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.