ഭക്തിനിര്‍ഭരമായി ആറ്റുകാല്‍ പൊങ്കാല; കോവിഡ് കാലത്ത് വീടുകളില്‍ പൊങ്കാലയിട്ട് ഭക്തര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം. പതിവില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ഭക്തര്‍ വീടുകളിലാണ് പൊങ്കാലയിട്ടത്. രാവിലെ 11 മണിയോടെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാല തുടങ്ങിയത്.
കണ്ണകീചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞതോടെ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി പി. ഈശ്വരന്‍ നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പുകളില്‍ പകര്‍ന്ന ശേഷം സഹമേല്‍ശാന്തി പണ്ടാര അടുപ്പു ജ്വലിപ്പിച്ചു. ഭക്തര്‍ വീടുകളിലൊരുക്കിയിട്ടുള്ള അടുപ്പുകളില്‍ തങ്ങളുടെ പൊങ്കാല വിഭവങ്ങള്‍ സ്വയം നിവേദിച്ചു.

 

അനേകലക്ഷം സ്ത്രീകള്‍ അണിനിരക്കുന്ന പൊങ്കാല മഹോത്സവം ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഭക്തരുടെ വീടുകളില്‍ തന്നെ നടത്താനായിരുന്നു നിര്‍ദേശം. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരുന്നു ഇത്തവണ പൊങ്കാല. പൊങ്കാലയുടെ പ്രധാന ചടങ്ങായ കുത്തിയോട്ടം ഒഴിവാക്കാതെ ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഞായറാഴ്ച നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവും. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല.