സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു; കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കി ബാങ്കുകള്‍

cashlessനോട്ട് നിരോധനത്തിന് പിന്നാലെ ക്യാഷ്‌ലെസ് ഇക്കോണമി നടപ്പാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വേണ്ടെന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം സര്‍വീസ് ചാര്‍ജിനത്തില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ബാങ്കുകള്‍. കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നും ഇന്ധനം നിറയ്ക്കുമ്പോള്‍ പണം നല്‍കാനായി കാര്‍ഡ് ഉപയോഗിച്ചാല്‍ പ്രത്യേകം ആനുകൂല്യം ലഭിക്കുമെന്നുള്ളത് ഇപ്പോഴും പാഴ് വാക്കായി തുടരുന്നു.
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചതിന് തുക ഈടാക്കുമെന്ന അറിയിപ്പുകളും ബാങ്കില്‍ നിന്ന് ഇടപാടുകാര്‍ക്ക് ലഭിക്കുന്നുണ്ട്. എസ്.ബി.ഐയുടെ മുന്നറിയിപ്പ് അനുസരിച്ച് മെട്രോ നഗരങ്ങളിലുള്ളവര്‍ക്ക് മാസത്തില്‍ മൂന്നു പ്രാവശ്യവും മെട്രോ ഇതര നഗരങ്ങളിലുള്ളവര്‍ക്ക് മാസത്തില്‍ അഞ്ചു പ്രാവശ്യത്തിലധികവും എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് ഓണ്‍ലൈനായി തുക മാറ്റുന്നതിനും ബാങ്കുകള്‍ സേവന ചിലവ് ഈടാക്കുന്നുണ്ട്. നവംബര്‍ എട്ടിനു മുമ്പ് ഉപഭോക്താവിനെ പിഴിയാതെ ബാങ്കുകള്‍ സേവനമായി നല്‍കിയിരുന്ന ഈ സൗകര്യങ്ങള്‍ക്ക് ക്യാഷ്‌ലെസ് ഇക്കോണമി വന്നപ്പോള്‍ അധികതുക നല്‍കേണ്ട അവസ്ഥയാണ്. ഡിസംബര്‍ 31 വരെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. പക്ഷേ അതിനു മുമ്പേ തന്നെ പല ബാങ്കുകളും ഇടപാടുകള്‍ക്ക് പണം വാങ്ങി തുടങ്ങിയിരുന്നു.
അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ കൈയില്‍ കിട്ടണമെങ്കില്‍ പല ദിവസം എ.ടി.എമ്മില്‍ പോകണം. അല്ലെങ്കില്‍ ബാങ്കില്‍ പോയി ക്യൂ നില്‍ക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ ഇടത്തരം ശമ്പളം ലഭിക്കുന്ന ഒരാള്‍ക്ക് ഒരു മാസത്തെ ശമ്പളം പിന്‍വലിക്കുമ്പോഴേക്കും നൂറു രൂപയിലധികം സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരുന്നു. നിശ്ചിത ഇടപാടുകള്‍ കഴിയുമ്പോള്‍ പല ബാങ്കുകളും 15 മുതല്‍ 20 രൂപ വരെ അധികമായി ഈടാക്കുന്നുണ്ട്.
കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് ഡിസംബര്‍ എട്ടിന് പ്രഖ്യാപനമുണ്ടായിരുന്നു. ഇങ്ങനെ ഇന്ധനം നിറച്ചാല്‍ നൂറു രൂപയ്ക്ക് 75 പൈസ ആനുകൂല്യം നല്‍കുമെന്നും ഉറപ്പു നല്‍കിയിരുന്നു. പക്ഷേ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുന്നവര്‍ക്ക് ആനുകൂല്യം കിട്ടിയില്ലെന്ന് മാത്രമല്ല 2.5 ശതമാനം അധിക സര്‍വീസ് ചാര്‍ജ്ജും നല്‍കേണ്ടി വരികയും ചെയ്യുന്നു. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളുമില്ല. വ്യത്യസ്ത പമ്പുകളില്‍ പല രീതിയിലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്. പണമില്ലാതെ നട്ടം തിരിയുന്ന ജനങ്ങളെ അവസരത്തിനൊത്ത് ചൂഷണം ചെയ്യുകയാണ് ബാങ്കുകള്‍