COVER STORY: സിനിമാ സമരത്തില്‍ സര്‍ക്കാര്‍ നിര്‍മാതാക്കള്‍ക്കൊപ്പം

 

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: സിനിമാ സമരത്തില്‍ സര്‍ക്കാര്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഒപ്പമെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുടെ സംഘടന ഭാരവാഹികളോട് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയതായി നിര്‍മാതാവ് എം.രഞ്ജിത് പറഞ്ഞു. എന്നാല്‍ തീരുമാനം എടുക്കുന്നതില്‍ താമസം ഉണ്ടാകുന്നു എന്നത് സത്യമാണെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിയേറ്റര്‍ ഉടമകള്‍ സമരം താമസിക്കാതെ പിന്‍വലിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. എന്നാല്‍ മുഴുവന്‍ തിയേറ്ററുകളും അടച്ചിട്ട് സമരം ശക്തമാക്കാനാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇക്കാര്യം പത്താംതീയതി കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡിയിലേ തീരുമാനിക്കൂ എന്ന് എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ഷാജു അക്കര അറിയിച്ചു.

 50 ശതമാനം എന്നത് കൊള്ള

ഒരു പ്രോഡക്ട് വില്‍ക്കുമ്പോള്‍ അതിന്റെ 50 ശതമാനം തങ്ങള്‍ക്ക് വേണമെന്ന് വാദിക്കുന്നത് പകല്‍ക്കൊള്ളയാണെന്ന് സംവിധായകന്‍ ഡോ.ബിജു ആരോപിച്ചു. കേരളത്തില്‍ മാത്രമേ ഇത്തരം രീതികള്‍ നടപ്പാകൂ. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും അന്യഭാഷാ ചിത്രങ്ങള്‍ക്ക് അധിക നികുതിയാണ് ഈടാക്കുന്നത്. മാത്രമല്ല ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ സിനിമകള്‍ പ്രൈംടൈമില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. ഇവിടെ അത്തരം സിനിമകളോട് സ്വകാര്യതിയേറ്റര്‍ ഉടമകള്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

പ്രശ്‌നം തുടങ്ങിയത് ഇ ടിക്കറ്റില്‍ നിന്ന്

തിയറ്ററുകളിലെ വരുമാന നിരക്ക് അറിയാന്‍ ഇ-ടിക്കറ്റ് സംവിധാനം നടപ്പിലാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആവശ്യപ്പെട്ടത് മുതല്‍ ചില തിയറ്റര്‍ ഉടമകള്‍ തുടങ്ങിയ പ്രശ്‌നമാണ് ഇപ്പോള്‍ ക്‌ളൈമാക്‌സിലെത്തി നില്‍ക്കുന്നത്. പല തിയറ്ററുകളിലും കളക്ഷനില്‍ വെട്ടിപ്പ് നടത്തുന്നുണ്ട്. നിര്‍മാതാക്കളെയോ, വിതരണക്കാരെയോ കൃത്യമായ കണക്കുകള്‍ ഏല്‍പ്പിക്കാറില്ല. നല്ല സിനിമകള്‍ക്ക് കളക്ഷന്‍ കുറയുമ്പോള്‍ ഹോള്‍ഡ് ഓവര്‍ ആയെന്ന് വരുത്തിത്തീര്‍ത്ത് പുതിയ സിനിമ കളിക്കുക തുടങ്ങിയ നിരവധി പരാതികള്‍ തിയേറ്ററുകാര്‍ക്കെതിരെ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇ-ടിക്കറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അതിനെതിരെ മൂന്ന് തവണ സമരവും നടത്തി. എന്നാല്‍ ഇ-ടിക്കറ്റ് സമ്പ്രദായം നടപ്പാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് ഷാജു അക്കര പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളായ സിഡിറ്റോ, കെല്‍ട്രോണോ വേണം സെര്‍വര്‍ കൈകാര്യം ചെയ്യണം എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് എതിര്‍ത്തതെന്നും ഷാജു ചൂണ്ടിക്കാട്ടി. വൈഡ് റിലീസിന് തങ്ങള്‍ എതിരല്ലെന്നും ഫിലിംചേമ്പറിന്റെ യോഗം അതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഷാജു പറഞ്ഞു.

തിയേറ്ററോ മൂത്രപ്പുരയോ

പല തിയേറ്ററുകളിലും ഇരിക്കുമ്പോള്‍ മൂത്രപ്പുരയാണോ എന്ന് തോന്നിപ്പോകുമെന്ന് സംവിധായകന്‍ ഡോ.ബിജു പറഞ്ഞു. മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ഇവര്‍ ഭീമമായ വിഹിതം വേണമെന്ന് വാദിക്കുന്നത്. നഗരങ്ങളിലുള്ള തിയേറ്ററുകള്‍ മാത്രമാണ് നവീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍, മലപ്പുറം ജില്ലകളിലെ ചില പഴയ തിയേറ്ററുകളില്‍ എലിശല്യം നിയന്ത്രിക്കാന്‍ പൂച്ചയെ വളര്‍ത്തുന്നുണ്ട്. ഇക്കാര്യം പ്രേക്ഷകര്‍ കഴിഞ്ഞയാഴ്ച ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. സിനിമ റിലീസാകുന്ന ആദ്യ ആഴ്ചകളില്‍ റിസര്‍വേഡ് ടിക്കറ്റുകള്‍ റിസര്‍വേഷന്‍ ചാര്‍ജ് ഈടാക്കി വില്‍ക്കുന്ന തിയേറ്ററുകളുമുണ്ട്. മൊത്തം സീറ്റുകളുടെ 20 ശതമാനം മാത്രമേ റിസര്‍വ് ആയി നല്‍കാവൂ എന്നാണ് നിയമം. ഇത് കാറ്റില്‍പ്പറത്തി റീലീസ് ആഴ്ചകളില്‍ ദിവസം ആറായിരം രൂപ വരെ ലാഭമുണ്ടാക്കുന്നവരുണ്ട്.

ബിസിനസ് മാത്രമാണ് തിയേറ്ററുകാരുടെ ലക്ഷ്യം

മലയാളസിനിമകള്‍ കളിച്ച് കാശുണ്ടാക്കിയ തിയേറ്റര്‍ ഉടമകളില്‍ ഭൂരിഭാഗവും അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ക്രസ്മസിന് അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചത്. എന്നാല്‍ ഭൂരിപക്ഷം തിയേറ്ററുകാരും ഫെഡറേഷന്റെ തീരുമാനങ്ങള്‍ക്ക് എതിരാണെന്ന് നിര്‍മാതാവ് എം,രഞ്ജിത് പറഞ്ഞു. ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നഷ് ടത്തിലാണെന്ന് പറയുന്ന തിയേറ്റര്‍ ഉടമകള്‍ ഇ-ടിക്കറ്റ് സമ്പ്രദായം നടപ്പാക്കണം. അപ്പോള്‍ അവിടെ എത്ര പ്രേക്ഷകര്‍ വരുന്നുണ്ട്, കളക്ഷന്‍ എത്രയുണ്ട് എന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. അതിന് തടസം നില്‍ക്കുന്നത് അവര്‍ തന്നെയാണ്. മന്ത്രി എ.കെ ബാലന്‍ പാലക്കാട്ടെ യോഗത്തില്‍ ആവശ്യപ്പെട്ടത് തല്‍സ്ഥിതി തുടരട്ടെ, കമ്മീഷനെ വച്ച് കാര്യങ്ങള്‍ പഠിച്ചിട്ട് തീരുമാനം എടുക്കാമെന്നാണ്. എന്നാല്‍ അതിനോട് യോജിക്കാതെ ഏകപക്ഷീയമായി ഫെഡറേഷന്‍ ഭാരവാഹികള്‍ ഇറങ്ങിപ്പോവുകയായിരുന്നെന്നും രഞ്ജിത് പറഞ്ഞു.