സന്തോഷ് ഈപ്പന്‍ വാങ്ങിയ 1.13 ലക്ഷം രൂപയുടെ ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്താഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് വിനോദിനി ബാലകൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സന്തോഷ് ഈപ്പന്‍ വാങ്ങിയ 1.13 ലക്ഷം രൂപയുടെ ഐഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഏറ്റവും വില കൂടിയതായിരുന്നു ഇത്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഐ ഫോണ്‍ ഉപയോഗം വിനോദിനി നിര്‍ത്തുകയായിരുന്നു. ഫോണില്‍ നിന്ന് യൂണിടാക്ക് ഉടമയെ വിനോദിനി വിളിച്ചിട്ടുണ്ടെന്നും കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പര്‍ ഉപയോഗിച്ച് സിം കാര്‍ഡ് ഉപയോഗിച്ച വ്യക്തിയെ കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നായിരുന്നു കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഈ ഐഫോണിനെ ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെയുളള കസ്റ്റംസ് നീക്കം സി പി എമ്മിനേയും സര്‍ക്കാരിനേയും ഒരുപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് സി പി എം പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോടിയേരിയുടെ ഭാര്യയ്ക്കെതിരെയുളള കസ്റ്റംസിന്റെ നിര്‍ണായക നീക്കം.