മാവേലിക്കരയില്‍ മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് ബിജെപി സ്ഥാനാർഥി; തിരൂരില്‍ കാലിക്കറ്റ് മുന്‍ വിസി

കോഴിക്കോട്: സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.സഞ്ജു. ബി.ജെ.പി.സ്ഥാനാര്‍ഥി പട്ടികയില്‍ സഞ്ജുവുള്‍പ്പടെ ഒട്ടേറെ അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് ഇടംപിടിച്ചത്. കോണ്‍ഗ്രസ് വിട്ടുവന്ന പന്തളം പ്രതാപന്‍ അടൂരില്‍ നിന്നാണ് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്. തിരൂരില്‍ കാലിക്കറ്റ് മുന്‍ വൈസ് ചാന്‍സലറായിരുന്ന ഡോ.അബ്ദുള്‍ സലാമാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.

മാനന്തവാടിയില്‍ നിന്ന് സി.കെ.ജാനു മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നറുക്ക് വീണത് മണിക്കുട്ടനാണ്. 12 സ്ത്രീകളാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇരിക്കൂറില്‍ നിന്ന് അനിയമ്മ രാജേന്ദ്രന്‍, പേരാവൂരില്‍ നിന്ന് സ്മിത ജയമോഹന്‍, കോഴിക്കോട് സൗത്തില്‍ നിന്ന് നവ്യ ഹരിദാസ്, കൊണ്ടോട്ടിയില്‍ നിന്ന് ഷീബ ഉണ്ണികൃഷ്ണന്‍, ഗുരുവായൂരില്‍ നിന്ന് അഡ്വ.നിവേദിത, എറണാകുളത്ത് നിന്ന് പദ്മജ എസ്. മേനോന്‍, കുന്നത്തുനാട്ടില്‍ നിന്ന് രേണു സുരേഷ് , ഉടുമ്പന്‍ചോലയില്‍ നിന്ന് രമ്യ രവീന്ദ്രന്‍, പാലയില്‍ നിന്ന് പ്രമീള ദേവി, കോട്ടയത്ത് നിന്ന് മിനര്‍വ മോഹന്‍, കുന്നത്തൂര്‍- രാജി പ്രസാദ്, ചിറയിന്‍കീഴില്‍ നിന്ന് ആശാനാഥ് എന്നിവരാണ് മത്സരിക്കുന്നത്.