മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു

ന്യൂഡൽഹി, മാർച്ച് 17, 2021

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ 71.10% ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 28,903 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ – 17,864 (പുതിയ കേസുകളിൽ 61.8% ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്). രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 1,970 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2.34 ലക്ഷം ആയി (2,34,406). ഇത് ആകെ രോഗബാധിതരുടെ 2.05% ശതമാനമാണ്. സജീവ കേസുകളിൽ 76.4% മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ ഏകദേശം 60% മഹാരാഷ്ട്രയിൽ നിന്നും ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ നടപടിയുടെ ഭാഗമായി ഇന്ന് രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 5,86,855 സെഷനുകളിലായി 3.5 കോടിയിലധികം (3,50,64,536) വാക്‌സിന്‍ ഡോസുകൾ നല്‍കി. വാക്‌സിൻ ദൗത്യത്തിന്റെ അറുപതാം ദിവസമായ ഇന്നലെ (2021 മാർച്ച് 16) 21 ലക്ഷത്തിൽ അധികം (21,17,104) വാക്‌സിൻ ഡോസുകൾ നൽകി.

ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,10,45,284 ആയി. 96.56% ആണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ 188 മരണം റിപ്പോർട്ട് ചെയ്തു. ഇതിലെ 86.7% ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 87. പഞ്ചാബിൽ 38 പേരും കേരളത്തിൽ 15 പേരും മരിച്ചു.