‘വിക്ക്: ചെയ്യേണ്ടതും ചെയ്യരുതാത്തതും’ നിഷ് വെബിനാര്‍ ശനിയാഴ്ച

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറിന്‍റെ ഭാഗമായി  മാര്‍ച്ച് 20 ശനിയാഴ്ച ‘കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന വിക്ക്; ചെയ്യേണ്ടതും ചെയ്യരുതാത്തതും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഗൂഗിള്‍ മീറ്റിലൂടെ നടത്തുന്ന സെമിനാറിന്‍റെ തത്സമയ സംപ്രേഷണം രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. നിഷ് ഓഡിയോളജി ആന്‍ഡ് സ്പീച്ച്-ലാംഗ്വേജ് പാത്തോളജി വകുപ്പിലെ  സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് നിര്‍മ്മല്‍ സുഗതന്‍ നേതൃത്വം നല്‍കും.

കുട്ടികളെയും മുതിര്‍ന്നവരെയും ബാധിക്കുന്ന പലതരം സംസാര ഭാഷാപരിമിതികളില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണ് വിക്ക്. രണ്ട് വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍ കണ്ടുതുടങ്ങുന്ന വിക്ക് ആദ്യ വര്‍ഷങ്ങളില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ ഏകദേശം പൂര്‍ണ്ണമായി ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ ഇതിനെക്കുറിച്ചുള്ള പരിമിതമായ അറിവും സ്വയം ചികിത്സിക്കാനുള്ള രക്ഷിതാക്കളുടെ പ്രവണതയും കുട്ടിയെ ജീവിതകാലം മുഴുവന്‍ വിക്കുള്ള വ്യക്തിയാക്കിമാറ്റുന്നു. കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും വിക്കുള്ളവര്‍ക്കും വിക്കുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് വെബിനാര്‍ ലക്ഷ്യമിടുന്നത്.

സെമിനാറിന്‍റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി  http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://nidas.nish.ac.in/  വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471- 2944675.