സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളേജുകളെ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കും ; ഡോ.എസ്.എസ് ലാൽ

    തിരുവനന്തപുരം; യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളെ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കുമെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും രാജ്യാന്തര പൊതുജനാരോ​ഗ്യ വി​ദ​ഗ്ധനുമായ ഡ‍ോ.എസ്.എസ് ലാൽ . കഴക്കൂട്ടം മണ്ഡലത്തിന്റെ അഭിമാന സ്തംഭമാണ് സംസ്ഥാനത്തെ തന്നെ ആദ്യ മെഡിക്കൽ കോളേജ് കൂടിയായ തിരുവനന്തപുരം ​ഗവ. മെ‍ഡിക്കൽ കോളേജ്. താൻ പഠിച്ച കലാലയം എന്ന പ്രത്യേക താൽപര്യവും ഈ മെഡിക്കൽ കോളേജിനുണ്ട്. ലോക രാജ്യങ്ങളിൽ പൊതുജനാരോ​ഗ്യ മേഖലയിൽ താൻ നടത്തിയ പ്രകടനം തന്റെ നാടിനും നാട്ടുകാർക്കും കൂടി പ്രയോജനപ്പെടുത്തുന്ന വിധം നടപ്പിലാക്കാനാണ് ആ​ഗ്രഹമെന്നും ഡോ. എസ്.എസ്. ലാൽ പറഞ്ഞു.

    ഇപ്പോൾ അധികാരത്തിലുള്ള എൽഡിഎഫ് സർക്കാർ ഈ മൂന്ന് മെഡിക്കൽ കോളേജുകളെ എയിംസ് പദവിയേക്ക് ഉയർത്തുമെന്ന് പറഞ്ഞിട്ടും കഴിഞ്ഞ അഞ്ച് വർഷമായി ഒന്നും നടപ്പായില്ല. എന്നാൽ യുഡിഫ് അധികാരത്തിൽ എത്തിയാൽ ഈ മൂന്ന് മെഡിക്കൽ കോളേജുകൾക്കും സ്വയംഭരണ പദവി നൽകും.
    മെഡിക്കൽ കോളജുകളും ശ്രീചിത്ര, രാജീവ് ഗാന്ധി സെന്റർ പോലുള്ള സ്ഥാപനങ്ങളും ഉണ്ടായിട്ടും വാക്സിൻ, മരുന്ന് ഗവേഷണമുൾപ്പെടെ ആരോഗ്യ ഗവേഷണ രംഗത്ത് ആഗോള തലത്തിൽ കേരളം ചിത്രത്തിലേ ഇല്ല. അതിന് അനുയോജ്യമായ നയങ്ങളുടെ അഭാവമാണ് ഈ അവസ്ഥക്ക് കാരണമെന്നും ഡോ. എസ്.എസ് ലാൽ ചൂണ്ടിക്കാട്ടി.

    ലോകത്താകമാനം ആരോ​ഗ്യ മേഖലയിൽ വൻ മാറ്റം വന്ന് കൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിന് അനുസരിച്ചുളള പുതിയ രോ​ഗങ്ങളും കോവിഡ് ഉൽപ്പെടെയുള്ള പകർച്ച വ്യാധികളെയെല്ലാം എന്നും കരുതി ഇരിക്കേണ്ടവയാണ്. സംസ്ഥാനത്തെ ആരോ​ഗ്യ രം​ഗത്ത് സമ​ഗ്രമായ മാറ്റം വരേണ്ട ആവശ്യ​ഗതയും ചർച്ച ചെയ്യപ്പെടണം. ജീവിത ശൈല രോ​ഗങ്ങൾ കേരളത്തിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ്. ഇത് പരിഹരിക്കാൻ നിലവിലുള്ള സർക്കാർ കാര്യമായ ഇടപെടിൽ നടത്തിയിട്ടില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും രോ​ഗാതുരമായ സംസ്ഥാനമാണ് കേരളം ഇന്ന് , ഇതിന് മാറ്റം വരുത്താൻ രാജ്യാന്തര തലത്തിൽ നടപ്പിലാക്കുന്ന സമ​ഗ്രമായ പരിപാടികൾ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കും.
    രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് രോ​ഗം നിയന്ത്രണ വിധേയമായപ്പോൾ കേരളത്തിൽ രോ​ഗം വർദ്ധിക്കുന്ന സാഹചര്യം ഭരണപരാജയം തന്നെയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആരോ​ഗ്യ രം​ഗത്തെ വെച്ച് പന്താടരുത്. കേരളം എന്നും ആരോ​ഗ്യ രം​ഗത്ത് ലോകരാജ്യങ്ങൾക്കിടയിൽ മാതൃകയാകുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കുമെന്നും ഡോ.എസ്.എസ് ലാൽ പറഞ്ഞു.