തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പനായ വലിയ കേശവന് ചരിഞ്ഞു. 52 വയസ്സായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരില് മുന്‍നിരയിലായിരുന്നു വലിയ കേശവന്. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്നു. ശാന്തസ്വഭാവിയുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.20നാണ് വലിയ കേശവന് ചരിഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി വലിയ കേശവന്റെ ആരോഗ്യനില ഏറെ മോശമായിരുന്നു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ കാലമായി ചികിത്സയിലായിരുന്നു.
2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. നാകേരി മനയിലെ നാല് ആനകളില്‍ ഒരു ആനയെ ഗുരുവായൂരപ്പന് നല്‍കാമെന്ന് നിശ്ചയിച്ച് നറുക്കിട്ടപ്പോള്‍ കൂട്ടത്തിലെ വലിയവനും സുന്ദരനുമായ അയ്യപ്പന്‍കുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദേവസ്വത്തിന് കീഴിലെത്തിയപ്പോള്‍ അയ്യപ്പന്‍കുട്ടിയെന്ന പേര് കേശവന് എന്നാക്കി. ഗുരുവായൂര്‍ ആനക്കോട്ടയില്‍ വലുപ്പത്തില്‍ മുന്നിലായ കേശവന് വലിയ കേശവന് എന്നാണ് പിന്നീട് അറിയപ്പെട്ടത്.