തിരുവനന്തപുരം; സംസ്ഥാനത്ത് ആസന്നമായ തിരഞ്ഞെടുപ്പ് പിണറായി വിജയന്റെ അധോലോക സർക്കാരിന് ഇറക്കിവിടാനുള്ള അവസരമാണെന്ന് കെപിസിസി മുൻപ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. കേരളത്തിന്റെ കണ്ണായ പ്രദേശങ്ങളെല്ലാം ടാറ്റയ്ക്കും, മറ്റു കമ്പിനികൾക്കും വിറ്റു തുലച്ചു. സമഗ്ര മേഖലയിലും അഴിമതി നടത്തി, ജനങ്ങളെ വെല്ലുവിളിച്ചുള്ള സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും വി.എം സുധീരൻ പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലിന് വേണ്ടി പുലയനാർകോട്ട ജംഗ്ഷനിൽ വോട്ടഭ്യർത്ഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവ തലമുറയുടെ ആരോഗ്യത്തെ മദ്യവും മയക്കുമരുന്നും സ്വാധീനിക്കുണ്ട്. അത് വലിയൊരു വെല്ലുവിളിയാണ്.
തലസ്ഥാനത്തെ ആരോഗ്യ മേഖലയുടെ തലസ്ഥാനമാണ് കഴക്കൂട്ടം നിയോജക മണ്ഡലം, മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര ഉൾപ്പെടെയുള്ളവ ഈ മണ്ഡലത്തിലാണ്. അതിനാൽ ഇവിടെ ഡോ. ലാലിന്റെ സ്ഥാനർത്ഥിത്വത്തിന് അംഗീകാരം ആവശ്യമാണ്.
കൊവിഡ് ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പിടിപെടുന്ന ഈ അവസരത്തിൽ ഡോ. എസ്.എസ്. ലാലിനെപ്പോലെയുള്ളയാളിന്റെ സേവനം ഇവിടെ ആവശ്യമാണ്. ജനകീയ ആരോഗ്യ നയം രൂപീകരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഡോ.ലാലിനെ പോലുള്ളയാൽ നിയമസഭയിൽ അത്യാവശ്യമാണെന്നും വി.എം സുധീരൻ പറഞ്ഞു. നാളത്തെ കേരളത്തിന്റെ ആരോഗ്യവും തലമുറയുടെ ആരോഗ്യവും സംരക്ഷിക്കാൻ ഡോ. എസ്.എസ് ലാലിനെപ്പോലെയുള്ള സ്ഥാനാർത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് കഴക്കൂട്ടത്ത് ഉള്ളതെന്നും അത് എല്ലാപേരും വിനിയോഗിക്കണമെന്നും സുധീരൻ പറഞ്ഞു.
 
            


























 
				
















