ചാരക്കേസ് ഗൂഡാലോചന; അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന് കേന്ദ്രം, ഒരാഴ്ച കഴിയട്ടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഡി കെ ജയിന്‍ സമിതിയുടെ റിപ്പോര്‍ട്ട് നാളെ പരിഗണിക്കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ച് റിട്ട. ജസ്റ്റിസ് ഡി കെ ജയിന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് മുദ്രവെച്ച കവറില്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടില്‍ ഉടന്‍ തീരുമാനം വേണമെന്നും അതിനായി കേസ് നാളെ തന്നെ കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് കോടതിയില്‍ പ്രത്യേകം ഹാജരായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

ഐഎസ്ആര്‍ഒ ചാരക്കേസ് ദേശീയ കേസാണെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. നാളെ തന്നെ ഈ കേസ് പരിഗണിക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി അടുത്ത ആഴ്ച കേസില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. നാളെ കേരളത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം.

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനെതിരെ ചാരക്കേസ് ഉയര്‍ത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ജയിന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ ഗൂഡാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ചത്.