ധര്‍മജന്‍ ബോള്‍ഗാട്ടിയെ ബൂത്തിന് മുന്നിൽ തടഞ്ഞു; കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന്  ധര്‍മജന്‍ ആരോപിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കൈയ്യേറ്റത്തിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശിവപുരം 187, 188 ബൂത്തില്‍ വെച്ചാണ് സംഭവമുണ്ടായത്. ബൂത്തില്‍ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തന്റെ നേര്‍ക്ക് കൈയ്യോങ്ങുകയും അടിക്കാന്‍ വരികയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി എന്ന നിലയില്‍ ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയ്യില്‍ ഉണ്ടായിരുന്നെന്നും ധര്‍മജന്‍ പറഞ്ഞു. എന്നാല്‍ ഏതാനും പേര്‍ തടയുകയായിരുന്നു. അത്തരത്തില്‍ തടയാനുള്ള അധികാരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇല്ല. ഉദ്യോഗസ്ഥര്‍ക്കേ ഉള്ളൂ. സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ