ഇരന്ന് വാങ്ങുന്നത് ശീലമായിപോയി..’; ജയരാജന്റെ മകന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: സിപിഎം നേതാവ് പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ ഫേസ്ബുക്പോസ്റ്റ് വിവാദത്തില്‍. പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തെ സാധൂകരിക്കുന്നതാണ് ജെയ്നിന്റെ ഫേസ്ബുക്പോസ്റ്റെന്നാണ് വിമര്‍ശനം ഉയരുന്നത്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപോയി..’ എന്നാണ് ജെയിനിന്റെ ഫേസ്ബുക്പോസ്റ്റ്.

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ കുറിച്ചാണോ എന്ന് വ്യക്തമല്ലെങ്കിലും പോസ്റ്റ് വിവാദമാകുകയാണ്. പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ പേര്‍ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പി ജയരാജന്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ഒരു പോസ്റ്റും വിവാദമായിരുന്നു.

പുല്ലൂക്കര പാറാല്‍ മന്‍സൂര്‍ (22) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുക്കില്‍ പീടികയ്ക്കടുത്ത് വച്ചാണ് മന്‍സൂറിന് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന്  മുസ്ളിം ലീഗ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. മന്‍സൂറിന്റെ സഹോദരന് നേരെയും അക്രമം നടന്നിരുന്നു.

ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം നിലനിന്നിരുന്നു. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു.

രാത്രിയോടെ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിയപ്പോള്‍ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവശിപ്പിച്ച മന്‍സൂറിന്റെ മരണം രാത്രി ഒന്നോടെ സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ