ലവ് ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

    മുപ്പത് സെക്കന്‍ഡ് നൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കിയ തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് ആക്രമണം നടക്കുന്നത്.

    കൃഷ്ണരാജ് എന്ന അഭിഭാഷകന്‍ ഇവരെ കുറിച്ച് കുറിക്കുന്നതിങ്ങനെ;

    ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
    ‘എന്തോ പന്തികേട് മണക്കുന്നു’; ലവ് ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

    സൈബര്‍ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ‘നവീനും ജാനകിയും ഇനിയും ചുവടുകള്‍ വെക്കുമെങ്കില്‍ കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും’ എന്ന് പ്രമുഖ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

    സംഭവത്തില്‍ ഡോക്ടര്‍ ഷിംന അസീസിന്റെ പ്രതികരണം ;

    ‘ഒരൈറ്റം കൂടിയുണ്ട്. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്… മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂ…ഒന്നിച്ച് ഡാന്‍സ് കളിക്കുന്നോരൊക്കെ തമ്മില്‍ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട. അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കള്‍ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കില്‍ കാണേണ്ടാന്നേ… മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങള്‍… നാണമില്ലേടോ’

    ഡോക്ടര്‍ സൗമ്യ സരിന്‍ കുറിച്ചത് ഇപ്രകാരം;

    ‘ഇങ്ങള് പൊളിക്ക് മക്കളെ! കുരു പൊട്ടുന്നവര്‍ക്ക് ഇത് കഴിഞ്ഞു നമുക്ക് നല്ല ഒരു ഡ്രസിങ് ചെയ്ത് കൊടുക്കാം! അല്ല പിന്നെ! കട്ട സപ്പോര്‍ട്ട് ചങ്കുകളെ! ഇങ്ങള് ഇനീം ഡാന്‍സും പാട്ടും ഒക്കെയായി അടിച്ചു പൊളിച്ചു ജീവിക്ക്’
    ‘എന്തോ പന്തികേട് മണക്കുന്നു’; ലവ് ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

    തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ ഓം കുമാറിന്റെയും ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടര്‍ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദില്‍ഷാദിന്റെയും മകനാണ് നവീന്‍ റസാഖ്. സഹോദരന്‍ റോഷന്‍ ഹൈദരാബാദില്‍ സിവില്‍ എഞ്ചിനീയറാണ്.