വെടിക്ക് ഉണ്ടയുണ്ടെന്ന് ജലീലിന് ബോധ്യമായിട്ടുണ്ടാകും, സര്‍ക്കാരിന്റെ പണം തിരിച്ചടയ്ക്കണം- ഫിറോസ്

മലപ്പുറം: മന്ത്രി കെ. ടി. ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് ലോകായുക്തയുടെ വിധിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. തങ്ങളുടെ ആരോപണം ഉണ്ടയില്ലാ വെടിയെന്നു പറഞ്ഞ് ഒഴിഞ്ഞിരുന്ന ജലീലിന് നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് ബോധ്യമായികാണുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യം വിജയിച്ചുവെന്നാണ് ലോകായുക്ത വിധിയിലൂടെ വ്യക്തമാകുന്നത്. മന്ത്രി അധികാര ദുര്‍വിനിയോഗം കാണിച്ചു, സ്വജനപക്ഷപാതം കാണിച്ചു, സത്യപ്രതിജ്ഞ ലംഘനം കാണിച്ചു തുടങ്ങി യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് വിധിയെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

ഒരുപാട് ആരോപണങ്ങള്‍ കെടി ജലീലിനെതിരെ ഉയര്‍ന്നതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ഏത് പ്രചരാണായുധമാക്കണമെന്നായിരുന്നു തങ്ങളുടെ പ്രശ്‌നം. നിയമപോരാട്ടത്തിന്റേയും സത്യത്തിന്റേയും വിജയമാണിത്. യൂത്ത് ലീഗും താനും ആരോപണം ഉന്നയിക്കുമ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് ഒഴിയാറായിരുന്നു മന്ത്രി ചെയ്തിരുന്നത്. ഇപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് നെഞ്ചില്‍ തറച്ചപ്പോള്‍ ജലീലിന് ബോധ്യമായികാണും, ഫിറോസ് പറഞ്ഞു.

മന്ത്രി ഇത്രയും കാലം പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയണം. ആരോപണം ഉന്നയിച്ച ദിവസം മുതല്‍ കൈപ്പറ്റിയ പണം മുഴുവന്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ കെ.ടി. ജലീല്‍ തയ്യാറാകണം. ഇതാണ് യൂത്ത് ലീഗിന് ആവശ്യപ്പെടാനുള്ളതെന്നും ഫിറോസ് പറഞ്ഞു.