കുറ്റകൃത്യങ്ങളിൽ കോടതി വിചാരണ നേരിടുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമോ

കുറ്റകൃത്യങ്ങളിൽ കോടതി വിചാരണ നേരിടുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമോ. ചോദ്യം സുപ്രീം കോടതിയോടാണ്. ക്രമിനൽ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയക്കാർ ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച സംഭവങ്ങൾ നടന്ന നാടാണിത്. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്  ആസന്നമായിരിക്കെ ഏറെ പ്രാധാന്യം ഉള്ളതാണ് സുപ്രീം കോടതിയോടുള്ള ഈ ചോദ്യം. ഉടൻ തന്നെ മറുപടി നൽകാമെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

മുതിർന്ന അഭിഭാഷകരായ വികാസ് സിങ്ങ് ,അശ്വനി ഉപാധ്യായ എന്നിവരാണ് സുപ്രീം കോടതിയിൽ വിഷയം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേർ അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിച്ച വിഷയം അ‍ഞ്ചംഗ ബഞ്ചിന് കഴിഞ്ഞ മാ‌ർച്ചിൽ തന്നെ റഫ‌ർ ചെയ്തിരുന്നു.

പബ്ളിക്ക് ഇൻ്ററസ്റ്റ് ഫൗണ്ടേഷനു വേണ്ടി ഉന്നയിച്ച ഈ വിഷയം രാഷ്ട്രീയത്തിലെ ക്രിമിനലുകളെ തുടച്ച് നീക്കാനാകും വിധം ശക്തമാണെന്ന പ്രതീക്ഷ വികാസ് സിങ്ങ് പങ്കുവെക്കുന്നുണ്ട്. എന്നാൽ അതീവ പ്രാധാന്യമുള്ള വിഷയത്തിൽ പെട്ടന്നുള്ള തീരുമാനങ്ങൾ എടുക്കാൻ  സുപ്രീം കോടതി ഒരുക്കമല്ല.ജസ്റ്റിസ് രാമണ്ണ,ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരുമായുള്ള  നീണ്ട ചർച്ചകൾക്ക് ശേഷം  ചീഫ് ജസ്റ്റിസ് ജെ.എസ് ഖേർ   കഴിഞ്ഞ ദിവസം ഇങ്ങനെ പ്രതികരിച്ചു. “ഉന്നയിക്കപ്പെട്ട ചോദ്യം വളരെ പ്രാധാന്യം ഉള്ളതാണ് . തീർച്ചയായും ഈവിഷയത്തിൽ കോടതി തീരുമാനം അറിയിക്കും .അടുത്തിടെ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകൾക്ക് മുൻപായി തീരുമാനം അറിയിക്കാനാകുമോയെന്ന് ഉറപ്പില്ല.”

ഈ പ്രശ്നത്തിൻ്റെ മറുവശം കൂടി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറ്റാരോപിതരായ ആർക്കും തിരഞ്ഞെടുപ്പിൽ  മത്സരിക്കാനാകില്ലെന്ന് കോടതി തീരുമാനിച്ചാൽ അതിന് ധാരാളം പ്രത്യാഘാതങ്ങൾ ഉണ്ടാകും. വേണമെങ്കിൽ അത് തെറ്റായരീതിയിൽ ഉപയോഗിക്കപ്പെടാം. തിരഞ്ഞടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നവർക്കെതിരെ വ്യാജ കേസുകൾ പ്രതിയോഗികൾ ചമക്കുന്ന സാഹചര്യം കൂടി പരിഗണിക്കമെന്നും അദ്ദേഹം ഒാർമിപ്പിക്കുന്നു

നിലവിലെ നിയമപ്രകാരം ക്രിമിനൽ കേസുകളിൽ രണ്ട് വ‌ർഷത്തിലധികം ശിക്ഷിക്കപ്പെടുന്ന എം.പി , എം എൽ എ എന്നിവർ അയോഗ്യരാക്കപ്പടും . എന്നാൽ അഞ്ച് വർഷത്തിലധികം ശിക്ഷിക്കപ്പെടാവുന്ന കുറ്റം ചുമത്തപ്പെട്ടാൽ തന്നെ അയോഗ്യരാക്കണമെന്നും  തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നുമാണ്  പബ്ളിക്ക് ഇൻ്ററസ്റ്റ് ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്. ലോ കമ്മിഷൻ  244ാം റിപ്പോർട്ടിലെ നിർദ്ദേശത്തിൽ അഞ്ച് വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിൽ പങ്കാളി ആയാൽ പിന്നീട് മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് പറയുന്നെണ്ടന്നും വികാസ് സിങ്ങ് ചൂണ്ടിക്കാണിക്കുന്നു.