സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും

കൊച്ചി: വൈഗയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ സനുമോഹനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍നിന്ന് രാവിലെ 11.05 ഓടെയാണ് സനുവിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.
വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ബോധംപോയപ്പോള്‍ മരിച്ചെന്ന് കരുതി പുഴയില്‍ എറിഞ്ഞെന്നുമാണ് സനുമോഹന്‍ പോലീസിന് നല്‍കിയ മൊഴി. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹന്‍ പോലീസിന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സനുവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് അന്തിമനിഗമനത്തിലെത്തൂ.

അതിനിടെ, സനുമോഹന്റെ ഭാര്യയെയും പോലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഒളിവില്‍പോയതിന് ശേഷം സനുമോഹന്‍ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്.

സാമ്പത്തികപ്രശ്നങ്ങള്‍ മാത്രമാണോ കൊലപാതകത്തിന് കാരണം, മറ്റെന്തെങ്കിലും കാരണമുണ്ടോ, എന്തിനാണ് ഒളിവില്‍കഴിഞ്ഞത്, മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടുകയെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്നവിവരം.                                                                                                                                                                              വൈഗയുടെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്                                                                                                                                                           വൈഗ കേസ് കൊലപാതകമാണെന്നും സാനു മോഹന്‍ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍. സാനു മോഹന്റെ അറസ്റ്റ് രേപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് വൈഗയെ കൊലപ്പെടുത്തിയത് എന്നതില്‍ കൂടുതല്‍ വ്യക്തത വേണം. താന്‍ മരിച്ചാല്‍ കുട്ടി ഒറ്റയ്ക്കാകുമോയെന്ന ആശങ്ക സാനുവിന് ഉണ്ടായിരുന്നുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. കൊലപാതകം സാനു ഒറ്റയ്ക്ക് നടത്തിയതാണ്, ഇതില്‍ മറ്റാര്‍ക്കും പങ്കില്ല. തെളിവ് നശിപ്പിക്കാന്‍ സാനു മോഹന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ട്. കടബാദ്ധ്യതയാണ് സാനുവിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

രണ്ട് സംസ്ഥാനങ്ങളിലാണ് സാനു ഒളിവില്‍ കഴിഞ്ഞത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനുണ്ട്. ആരെങ്കിലും സാനുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് വിവരം ലഭിച്ചിട്ടില്ല. ഫ്‌ലാറ്റില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതാണ് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഗോവയിലെ ചൂതാട്ടങ്ങളില്‍ സാനു സജീവമായിരുന്നുവെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.