മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍

    ന്യൂഡല്‍ഹി: മേയ് 1 മുതല്‍ തുടങ്ങുന്ന മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷനില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സീന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാര്‍മ കമ്പനികളുമായും വിദഗ്ധ ഡോക്ടര്‍മാരുമായും നടത്തിയ യോഗത്തിനുശേഷമാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്.
    കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സീന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ യോഗം തീരുമാനിച്ചു. വാക്‌സീന്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനും കമ്പനികള്‍ക്ക് അനുമതി നല്‍കി. സംസ്ഥാനങ്ങള്‍ക്കു കമ്പനികളില്‍നിന്നു വാക്‌സീന്‍ നേരിട്ടു വാങ്ങാം. സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവിപണിക്കും വിലക്ക് നല്‍കും.
    പൊതുവിപണിക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വാക്സിന്‍ ഡോസുകള്‍ക്ക് വില മുന്‍കൂട്ടി നിശ്ചയിക്കും.
    ഈ വിലയുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ ആശുപത്രികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിന്‍ ഡോസുകള്‍ വാങ്ങാം.