സംസ്ഥാനങ്ങള്‍ പാഴാക്കിയത് 44.78 ലക്ഷം ഡോസ് കോവിഡ് വാക്സിൻ; പാഴാക്കാതെ കേരളം

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ ജനങ്ങള്‍ക്കു കോവിഡ് വാക്‌സീന്‍ കുത്തിവയ്പു ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയില്‍ ലക്ഷക്കണക്കിനു ഡോസ് പാഴാക്കി കളയുന്നതായി വിവരാവകാശ രേഖ. രാജ്യത്ത് വാക്‌സീന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ 44.78 ലക്ഷം ഡോസാണു ആസൂത്രണയില്ലായ്മ കൊണ്ട് പാഴായി പോയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

വാക്‌സീന്‍ ഏറ്റവും കൂടുതല്‍ പാഴാക്കി കളഞ്ഞത് തമിഴ്‌നാടാണ് 12.10 ശതമാനം. ഹരിയാന (7.74%), പഞ്ചാബ് (8.12%), മണിപ്പുര്‍ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഏപ്രില്‍ 11 വരെ 10 കോടി ഡോസ് വാക്‌സീനാണ് സംസ്ഥാനങ്ങള്‍ ഉപയോഗിച്ചത്. വാക്‌സീന്‍ ഫലപ്രദമായി ഉപയോഗിച്ചതില്‍ മുന്‍പില്‍ കേരളമാണ്. ബംഗാള്‍, ഹിമാചല്‍പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വാക്‌സീന്‍ ഒരു തുള്ളി പോലും പാഴാക്കിയില്ല.

ഒരു വാക്‌സീന്‍ വയലില്‍ (കുപ്പി) പത്തു പേര്‍ക്ക് നല്‍കാനുള്ള വാക്‌സീനാണ് ഉണ്ടാകുക. പത്തു പേര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തുമ്പോഴാണ് വയല്‍ പൊട്ടിച്ച് വാക്‌സീന്‍ വിതരണം ചെയ്യുക. ഗ്രാമീണ മേഖലയിലുള്ള ചില സെന്ററുകളില്‍ പത്തുപേര്‍ ഇല്ലാത്ത സാഹചര്യത്തില്‍ പോലും വാക്‌സിനേറ്റര്‍ ഓഫിസര്‍ മറ്റുള്ളവര്‍ക്കായി വയലുകള്‍ തുറക്കുന്നതോടെ പിന്നെ ആ വയലിലെ വാക്‌സീന്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരും.

മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാക്‌സീനെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങളും െപാട്ടിപ്പുറപ്പെട്ടു. കോവിഡ് വാക്‌സീനും റെംഡെസിവര്‍ ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളും ബിജെപി നേതാക്കളുടെ ഒത്താശയോടെ പൂഴ്ത്തി വയ്ക്കുന്നെന്നായിരുന്നു ആരോപണം. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ 22കാരനായ അനന്തരവന് വാക്സീന്റെ രണ്ടും ഡോസും ലഭിച്ചതും വിവാദമായി.