കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്സിക്ക്

കൊച്ചി: ഐ-ലീഗ് കിരീടത്തിന് പിന്നാലെ കേരള ക്ലബ്ബ് ഗോകുലത്തിന് മറ്റൊരു സന്തോഷം കൂടി. കേരള പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും ഗോകുലം കേരള എഫ്.സിയുടെ ഷെല്‍ഫിലെത്തി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പിച്ചത്.

മുഴുവന്‍ സമയത്ത് ഇരുടീമുകളും ഒരോ ഗോള്‍വീതം നേടി തുല്യത പാലിച്ചതിനാല്‍ കളി അധികസമയത്തേക്ക് നീണ്ടു. 54-ാം മിനിറ്റില്‍ എം.വിഗ്‌നേഷ് കെ.എസ്.ഇ.ബിക്കായി ലീഡെടുത്തപ്പോള്‍ 80ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ നിംഷാദ് റോഷനിലൂടെ ഗോകുലം ഗോള്‍ മടക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യമിനുറ്റില്‍ തന്നെ ഗണേഷന്‍ ഗോകുലത്തിന്റെ വിജയഗോള്‍ നേടി.

സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീട നേട്ടം. 2018-ല്‍ ആദ്യമായി ലീഗ് ചാമ്പ്യന്‍മാരായ ടീം കഴിഞ്ഞ സീസണ്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റിരുന്നു. ചാമ്പ്യന്‍ നേട്ടത്തോടെ രണ്ടു തവണ കെ.പി.എല്‍ കിരീടം നേടുന്ന ടീമെന്ന എസ.്ബി.ഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്‌കോറര്‍ (8). ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്.സി ഫയര്‍പ്ലേ അവാര്‍ഡ് നേടി.