കോവിഡ് വാര്‍ഡില്‍ ശരത്തിന്റേയും അഭിരാമിയുടേയും വിവാഹം

    അമ്പലപ്പുഴ: പിപിഇ കിറ്റ് ധരിച്ചെത്തിയ വധുവിനെ കോവിഡ് ചികിത്സയിലുള്ള വരന്‍ താലി ചാര്‍ത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കോവിഡ് വാര്‍ഡിലെ പ്രത്യേക മുറിയിലായിരുന്നു കോവിഡ് കാലത്തെ ഈ വേറിട്ട വിവാഹം. പള്ളാത്തുരുത്തി സ്വദേശിയ ശരത്തും തെക്കനാര്യാട് സ്വദേശിനി അഭിരാമിയുമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹിതരായത്. വിവാഹ ശേഷം വധു ബന്ധുവിന്റെ വീട്ടിലേക്കുമടങ്ങി. വരന്‍ കോവിഡ് വാര്‍ഡിലേക്കും.

    നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ഏതാനും ദിവസം മുന്‍പ് വരനും മാതാവിനും കോവിഡ് ബാധിച്ചെങ്കിലും മുഹൂര്‍ത്തം തെറ്റാതെ ചടങ്ങു നടത്താനുള്ള ഇരുവീട്ടുകാരുടെയും തീരുമാനമാണു കോവിഡ് വാര്‍ഡിലെ താലികെട്ടിനു വഴിയൊരുക്കിയത്. പള്ളാത്തുരുത്തി 25-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം സെക്രട്ടറി കൈനകരി ഓണംപള്ളി എന്‍.ശശിധരന്റെയും ജിജിമോളുടെയും മകനാണ് ശരത്മോന്‍. അഭിരാമി തെക്കനാര്യാട് പ്ലാംപറമ്പില്‍ സുജിയുടെയും കുസുമത്തിന്റെയും മകളും.

    ഖത്തറിലാണ് ശരത്തിന് ജോലി. ഒരു കൊല്ലം മുന്‍പ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ നീണ്ടുപോയി. കഴിഞ്ഞമാസം 22-നാണ് നാട്ടിലെത്തിയത്. പത്തുദിവസം ക്വാറന്റീനില്‍ കഴിഞ്ഞശേഷം പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കി.