വിദ്യാര്‍ത്ഥികളുടെ പഠനം നിരീക്ഷിക്കാന്‍ ലേണേഴ്സ് ഇന്ത്യയുടെ ‘മൈസ്കൂള്‍’ ആപ്പ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിനും കാര്യക്ഷമമായ പഠനം ഉറപ്പുവരുത്തുന്നതിനുമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ലേണേഴ്സ് ഇന്ത്യ വ്യക്തിഗത പഠന ആപ്ലിക്കേഷന്‍ ‘മൈസ്കൂള്‍’ പുറത്തിറക്കി.

കൊവിഡാനന്തര കാലഘട്ടത്തിലും ഭാവിയിലെ തുടര്‍ ക്ലാസ്സുകളിലും മൈസ്കൂള്‍ ആപ്പ് ഉപയോഗപ്രദമാകുമെന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ലേണേഴ്സ് ഇന്ത്യ  ഈ നൂതന ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ക്കനുസൃതമായി കോഴ്സ് മെറ്റീരിയലുകള്‍ ചിട്ടപ്പെടുത്താനാകുമെന്നതാണ് സ്കൂളുകളിലും കോളേജുകളിലും ഉപയോഗിക്കാനാകുന്ന ഈ മികച്ച ആപ്പിന്‍റെ സവിശേഷത. ഓരോ പഠിതാവിന്‍റേയും നൈപുണ്യങ്ങള്‍ കണ്ടെത്തി വികസിപ്പിച്ചെടുക്കുന്നതിന് സാധിക്കും. അക്കാദമിക കാലഘട്ടത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് അധ്യാപകര്‍ക്ക് ഫലപ്രദമായ ഇ-ടൂളുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും ലേണേഴ്സ് ഇന്ത്യ പ്രതിനിധി വ്യക്തമാക്കി.  

മൈസ്കൂള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥാപനത്തിനനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാനാകും. വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സവിശേഷതകളുമുണ്ട്. സ്കൂളിലേയോ കോളേജിലേയോ മേധാവിക്ക് സ്ഥാപനത്തിലെ പഠന പ്രവര്‍ത്തനങ്ങളെക്കുറിച്ച് തത്സമയ പ്രതികരണം ലഭിക്കുന്നതിന് ആപ്പിലെ പ്രിന്‍സിപ്പല്‍ ഡാഷ്ബോര്‍ഡ് സഹായകമാണ്.

ഈ ആപ്പ് ഉപയുക്തമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വന്തം പേരില്‍ വ്യക്തിഗതമായി  പ്രോഗ്രാം ചെയ്യാനാകും. ആശയവിനിമയം നടത്തുന്നതിന് സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരേയും കോര്‍ത്തിണക്കുന്ന തത്സമയ മെസേജിംഗ് സംവിധാനമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക്  പ്രത്യേക അറിവു പകരുന്നതിന് ലോകത്തെവിടെയുമുള്ള മാര്‍ഗനിര്‍ദേശകരുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരവുമുണ്ട്.

മൈസ്കൂള്‍ ആപ്പ് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റലേഷന്‍ പിന്തുണയും  ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ലേണേഴ്സ് ഇന്ത്യ നല്‍കും. വിദ്യാര്‍ത്ഥികളുടെ ഫലപ്രദമായ പഠനം ഉറപ്പാക്കുന്നതിന് അധ്യാപകരെ തുണയ്ക്കുന്നതിനു പുറമേ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ പഠനം മനസ്സിലാക്കി വിലയിരുത്തുന്നതിനും സാധിക്കും.