തിരുവനന്തപുരം: ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം മുന്നില്‍ കണ്ട് ഓക്സിജന്‍ കിടക്കകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓക്സിജന്‍ ലഭ്യത കൃത്യമായി വിലയിരുത്തി. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് കൂടുതല്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ഓക്സിജന്‍ ലഭ്യത ഒരു കാരണവശാലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. രോഗ വ്യാപനം മുന്നില്‍ കണ്ട് ഓക്സിജന്‍ ബെഡുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എല്‍ ടി സി കളിലും ഓക്സിജന്‍ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ബഫര്‍ സ്റ്റോക്ക് ഉണ്ടാക്കും.
ഇ എസ് ഐ  കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രികളിലെ  ബെഡ് കൂടി ഓക്സിജന്‍  ബെഡ്  ആക്കി മാറ്റാം എന്ന്  അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജയിലുകളില്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ട്. കേരളത്തിലെ ആക്റ്റീവ് കേസുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ 255 ശതമാനമാണ് വര്‍ദ്ധിച്ചത്.
 
            


























 
				
















