തീവ്രവ്യാപന ജില്ലകളിലും ലോക്ഡൗണില്ല; കൂടുതല്‍ വാക്സീന്‍ വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം നല്‍കുന്നതിന് പുറമേ കൂടുതല്‍ വാക്സിനുകള്‍ വാങ്ങാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

1 കോടി വാക്സിന്‍ ഡോസുകളാകും വാങ്ങുക. കൊവിഷീല്‍ഡ്, കൊവാക്സിന്‍ ഡോസുകളാണ് വാങ്ങുക. 70 കൊവിഷീല്‍ഡ് ഡോസുകളും, 30 ലക്ഷം കൊവാക്സിന്‍ ഡോസുകളാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

ഇതിന്റെ ആദ്യപടിയെന്നോണം മെയ് 1 ന് 10 ലക്ഷം ഡോസുകള്‍ എത്തിക്കും. ഇതിനായി വിവിധ വകുപ്പുകളിലെ പണം ഉപയോഗിക്കും. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമെന്നോണം സംസ്ഥാനത്തെ 12 ജില്ലകള്‍ പൂര്‍ണമായി അടയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തല്‍ക്കാലം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ലോക്ഡൗണ്‍ കൂടുതല്‍ തിരിച്ചടിയുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണിന് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ കേരളത്തിലെ 12 ജില്ലകളും ഉള്‍പ്പെട്ടിരുന്നു. ഈ ശുപാര്‍ശ വന്നതിനു പിന്നാലെയാണ് ലോക്ക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തില്‍ സംസ്ഥാന മന്ത്രിസഭ എത്തിച്ചേര്‍ന്നത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 70 ലക്ഷം കോവിഷീല്‍ഡും ഭാരത് ബയോടെക്കില്‍ നിന്ന് 30 ലക്ഷം ഡോസ് കോവാക്‌സിനുമാണ് സര്‍ക്കാര്‍ വാങ്ങുക. മേയ് ആദ്യം തന്നെ ഇതിനുള്ള നടപടികള്‍ തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ 10 ലക്ഷം ഡോസ് വാങ്ങും. 1300 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. വാക്‌സീന്‍ വില കുറയ്ക്കാന്‍ സുപ്രീം കോടതി ഇടപെട്ടാല്‍ ആ വിലയ്ക്കും അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കും വാക്‌സിന്‍ വാങ്ങും.

മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലായി മൂന്ന് ഘട്ടങ്ങളിലാണ് വാക്‌സീന്‍ വാങ്ങുക. ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ്. എത്ര സമയത്തുള്ളില്‍ നലല്‍കാനാവുമെന്ന് വ്യക്തമാക്കാന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം വാക്സീന്‍ ചലഞ്ചിനായി നല്‍കും. സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍ സൗജന്യമായി നല്‍കണമെന്ന നിലപാട് കേരളം സുപ്രീം കോടതിയില്‍ അറിയിക്കും.