കോവിഡ്: സര്‍ക്കാരിനോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ച് കോടതി

    ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി. കോവിഡുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ വിമര്‍ശം. ഇതുമായി ബന്ധപ്പെട്ട് 10 ചേദ്യങ്ങളാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.  വാക്സിന്‍ വിലയും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും ഓക്സിജന്‍ ലഭ്യതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലൂന്നിയായിരുന്നു  കോടതിയുടെ ചോദ്യങ്ങള്‍

    ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡ്,  എല്‍ നഗേശ്വര റാവു, രവീന്ദ്ര ബട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

    കോടതിയുടെ ചോദ്യങ്ങള്‍

    1. ആശുപത്രികള്‍ക്ക്  ഓക്സിജന്‍ എത്ര വകയിരുത്തുന്നു എന്നതിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കാന്‍ കഴിയുമോ? അതിലൂടെ  ഒരു ആശുപത്രിയില്‍ എത്ര ഓക്സിജനുണ്ടെന്ന് പരിശോധിക്കാന്‍ കഴിയില്ലേ

    2.  കോവിഡ് വ്യാപനം തടയുന്നതിന്  ലോക്ഡൗണ്‍ പോലുള്ള എന്ത് നിയന്ത്രണമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഓക്സിജന്‍ ടാങ്കറുകള്‍ വിതരണം ചെയ്യാനും സിലിണ്ടറുകള്‍ എത്തിക്കുന്നത് ഉറപ്പാക്കാനും സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്.? സത്യവാങ്മൂലത്തില്‍ ഇതേക്കുറിച്ച് പരാമര്‍ശമfല്ല

    3. നിരക്ഷരരുടേയും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവരുടെയും വാക്സിന്‍ രജിസ്ട്രേഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെ ഉറപ്പാക്കും ?

    4.വാക്സിനുകള്‍ ലഭിക്കുന്നതിന് ഒരു സംസ്ഥാനത്തിന് മറ്റൊന്നിനേക്കാള്‍ മുന്‍ഗണന ലഭിക്കുന്ന സാഹചര്യം ഉണ്ടാകില്ലേ? 50 ശതമാനം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ കരസ്ഥമാക്കണമെന്ന്  കേന്ദ്രം പറയുന്നു. ഇക്കാര്യത്തില്‍ വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള ഓഹരി എങ്ങനെ ഉറപ്പാക്കും?

    5. ഇത്തരം അടിയന്തര സാഹചര്യം നേരിടുമ്പോള്‍ നിര്‍ബന്ധിത ലൈസന്‍സുകള്‍ നല്‍കുന്നതിന് പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 92 കേന്ദ്രം പരിഗണിച്ചിട്ടുണ്ടോ?

    6. ആര്‍ടി-പിസിആര്‍ പരിശോധനയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്താനാകുന്നില്ല. പോസിറ്റീവ് റിപ്പോര്‍ട്ട്  ഇല്ലാത്തതിനാല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ജനങ്ങളെ പ്രവേശിപ്പിക്കുന്നില്ല .അല്ലെങ്കില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നു.  ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യുക. ഇതിന് ഒരു നയമുണ്ടോ?

    7.  കോവിഡിന്റെ രണ്ടാം തരംഗത്തിലെ വൈറസ് വകഭേദത്തെ കണ്ടെത്താനായി ലാബുകള്‍ക്ക് എന്ത് മാര്‍ഗ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഒരു പരിശോധനാ ഫലം അറിയാന്‍ എത്ര സമയ പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്.

    8. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും ആശുപത്രികള്‍  ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് കേന്ദ്രം എങ്ങനെയാണ് നിയന്ത്രിക്കുന്നത്.

    9. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് എങ്ങനെയാണ് പരിഹരിക്കുന്നത്. കോവിഡില്‍ നിന്ന് ഡോക്ടര്‍മാരെ എങ്ങനെയാണ് സംരക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത്.  സുപ്രീം കോടതിയില്‍ നമുക്കെല്ലാവര്‍ക്കും അടുപ്പമുള്ള ഒരു ഡോക്ടര്‍ പറഞ്ഞത് കോവിഡ് ബാധിതനായപ്പോള്‍ അദ്ദേഹത്തിന് ഒരു ബെഡ് പോലും ലഭിച്ചില്ലെന്നാണ്. 1982 മുതല്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് അദ്ദേഹം.

    10 )കോടതിയുടെ ഈ ഹിയറിങ്ങ് കൊണ്ട് ഒരു മാറ്റമുണ്ടാകണം. രൂക്ഷ വ്യാപനമുള്ള സംസ്ഥാനങ്ങള്‍ക്ക് എത്ര ഓക്സിജന്‍ ലഭ്യമാക്കുമെന്ന് ഞങ്ങളോട് പറയുക.