വി.എസ്. ഓട്ടോസ്റ്റാന്‍ഡ് ഒഴിപ്പിക്കാന്‍ സി.പി.എം ഔദ്യോഗിക പക്ഷം; പാര്‍ട്ടിയില്‍ വിവാദം

സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചാവിഷയമായ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുള്ള വി.എസ്. ഓട്ടോസ്റ്റാന്‍ഡ് ഇടിച്ചു നിരത്താന്‍ സി.പി.എം ഔദ്യോദിക പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നഗരസഭാ ഭരണസമിതി നടപടി തുടങ്ങി. നീലേശ്വരം രാജാ റോഡിന്റെ നവീകരണം എന്ന ആശയത്തിന്റെ മറവിലാണ് ഇത്തരമൊരു നീക്കം. നീലേശ്വരം നഗരസഭ രാജാറോഡിന്റെ നവീകരണ പ്രവൃത്തി വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയതു തന്നെ വി.എസ് ഓട്ടോസ്റ്റാന്‍ഡ് ഒഴിപ്പിക്കുന്നതിനു വേണ്ടിയാണെന്ന വിമര്‍ശനം ഇതോടെ ഉയര്‍ന്നു കഴിഞ്ഞു.

രാജാറോഡ് വികസനത്തിന്റെ പ്രാഥമിക രൂപരേഖ പോലും തയ്യാറാക്കുന്നതിന് മുമ്പ് ഇന്നലെ വി.എസ്. ഓട്ടോ സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നഗരസഭാ അധികൃതരുടെ മേല്‍നോട്ടത്തില്‍ തിടുക്കപ്പെട്ടാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. ഇത് നഗരസഭയുടെ പ്രതികാര നടപടിയായാണ് വി.എസ്. പക്ഷം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം വി.എസ് ഓട്ടോസ്റ്റാന്‍ഡില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാനെ ഒഴിവാക്കി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും അഭിനന്ദിച്ചു കൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇവര്‍ വികസനനായകര്‍ എന്ന തലവാചകത്തോടു കൂടിയുള്ള ഫ്‌ളക്‌സ് ബോര്‍ഡ് കൊണ്ട് അര്‍ത്ഥമാക്കിയത് നീലേശ്വരം നഗരസഭാ ചെയര്‍മാന് വികസനത്തില്‍ താല്‍പര്യമില്ലെന്നായിരുന്നു.

കാസര്‍കോട് ജില്ലയിലെ പിണറായി പക്ഷത്തെ പ്രമുഖരില്‍ ഒരാളായ പ്രൊഫ. കെ.പി. ജയരാജനാണ് നീലേശ്വരം നഗരസഭയുടെ ചെയര്‍മാന്‍. ജയരാജനെ തഴഞ്ഞ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് പാര്‍ട്ടിയുടെ ഔദ്യോഗികപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് തക്ക മറുപടി നല്‍കണമെന്ന അഭിപ്രായവും ഈ വിഭാഗത്തിനകത്ത് ഉയര്‍ന്നുവന്നു. രാജാറോഡ് വികസിപ്പിക്കുന്നതോടൊപ്പം ആ കാരണം പറഞ്ഞ് വി.എസ് ഓട്ടോസ്റ്റാന്‍ഡിനെ വേരോടെ പിഴുതു മാറ്റി വി.എസ് പക്ഷത്തിന് ശക്തമായ തിരിച്ചടി നല്‍കാമെന്ന കണക്കുകൂട്ടലും നഗരസഭാ ഭരണസമിതിക്കുണ്ട്.

സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തന്നെ കണ്ണിലെ കരടാണ് നീലേശ്വരത്തെ വി.എസ് ഓട്ടോസ്റ്റാന്‍ഡ് മുമ്പ് വി.എസ്. അച്യുതാനന്ദന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചപ്പോള്‍ സംസ്ഥാനത്ത് ആദ്യമായി വി.എസ്. അനുകൂല പ്രകടനം നടന്നത് നീലേശ്വരത്താണ്. ഇവിടെ പിണറായി വിജയന്റെ കോലം കത്തിച്ചിരുന്നു. സി.പി.എം കാസര്‍കോട് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം വി.എസ്. ഓട്ടോസ്റ്റാന്‍ഡ് നീക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. വി.എസ്. പക്ഷക്കാരായ സി.ഐ.ടി.യു തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പാണ് ഔദ്യോഗിക പക്ഷത്തിന്റെ പദ്ധതിയെ പരാജയപ്പെടുത്തയത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ കണക്കിലെടുക്കേണ്ടതില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വം നീലേശ്വരം നഗരസഭയെ അറിയിച്ചിരിക്കുന്നത്. നാടിന്റെ വികസനത്തിനു വേണ്ടി നീലേശ്വരം നഗരസഭാ അധികൃതര്‍ യാതൊന്നു ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന വി.എസ്പക്ഷം വികസനത്തിനു വേണ്ടിയുള്ള നഗരസഭയുടെ നടപടി അംഗീകരിക്കുകയാണ് വേണ്ടതെന്നാണ് ഔദ്യോഗികപക്ഷം പറയുന്നത്. വി.എസ്. ഓട്ടോസ്റ്റാന്‍ഡ് നീക്കാനുള്ള നടപടിയെ ചെറുക്കാന്‍ തൊഴിലാളികള്‍ രംഗത്തു വന്നാല്‍ അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ വിഷയം സി.പി.എമ്മില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു.