‘വിജയരാഘവൻ്റെ ശ്രമം കൂടുതൽ പ്രകോപനമുണ്ടാക്കാൻ’; മറുപടിയുമായി എൻ.എസ്.എസ്

nss nair service society logo

കോട്ടയം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങൾക്ക് എൻ.എസ്.എസ് കൂട്ടു നിന്നെ ഇടതു മുന്നണി കൺവീനർ എ വിജയരാഘവന്റെ ലേഖനത്തിന് മറുപടിയുമായി എൻ.എസ്.എസ്.  വീണ്ടും പ്രകോപനമുണ്ടാക്കാനാണ് വിജയരാഘവൻ ശ്രമിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ പ്രസ്താവനയിൽ പ്രതികരിച്ചു. വിശ്വാസ സംരക്ഷണ വിഷയത്തിൽ മാത്രമാണ് എൻഎസ്എസിന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്നും സുകുമാരൻ നായ‌ർ വാര്‍ത്ത കുറിപ്പിൽ പറഞ്ഞു.

എൻഎസ്എസിനെ അപകീര്‍ത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് എ വിജയരാഘവന്റെ പ്രസ്താവന. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജ്ജവം എൻഎസ്എസിന് ഉണ്ടെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കുന്നു.

സുകുമാരൻ നായരുടെ പ്രസ്താവന പൂർണരൂപത്തിൽ

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ലേഖനത്തിലെ പരാമര്‍ശം കൂടുതല്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

വോട്ടെടുപ്പ് ദിവസം വോട്ടു ചെയ്തു മടങ്ങുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണല്ലോ ഇത്തരം വ്യാഖ്യാനങ്ങളുടെ ഉറവിടം. സര്‍ക്കാരിനെതിരായ ഒരു പരസ്യ പ്രസ്താവന നടത്തണമായിരുന്നു എങ്കില്‍ അത് നേരത്തെ ചെയ്യാനുള്ള ആര്‍ജവം എന്‍.എസ്.എസിനുണ്ട്.

മതേതരത്വം സംരക്ഷിക്കാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന എന്‍.എസ്.എസ് അതിന്റെ സന്ദര്‍ഭോചിതവും നീതിപൂര്‍വകവുമായ നിലപാടുകളിലൂടെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളോടും ഗവണ്‍മെന്റുകളോടും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ സമൂഹ്യനീതിക്കു വേണ്ടിയും ആയിരുന്നു. മറ്റു കാര്യസാദ്ധ്യങ്ങള്‍ക്കു വേണ്ടി ആയിരുന്നില്ല.

വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ മാത്രമാണ് ഇടതു സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുള്ളത്.

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനയുമായി രംഗത്തു വന്നതെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രകോപനപരമായ വ്യാഖ്യാനം അര്‍ത്ഥശൂന്യവും എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗവും ആണെന്ന് പറയേണ്ടിയിരിക്കുന്നു.