വിജയം പിണറായിയുടേത് മാത്രമല്ല; കൂട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലമെന്ന് സി പി എം

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാന്‍ മാദ്ധ്യമങ്ങളുടെ ശ്രമമെന്ന് സി പി എം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി ആധിപത്യമെന്നും വരുത്തി തീര്‍ക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നുമാണ് സി പി എമ്മിന്റെ ഡല്‍ഹിയിലെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തല്‍.

കേരളത്തിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ ഫലത്തില്‍ സി പി എം കേന്ദ്രനേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലാണ് ഇത്.

പരമാധികാരിയായ കരുത്തനായ നേതാവിന്റെ ഉദയമായി തിരഞ്ഞെടുപ്പ് ഫലത്തെ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. പിണറായി ഭരണത്തില്‍ മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. എന്നാല്‍ വിജയം വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമാണെന്നും സി പി എം ഓര്‍മ്മിപ്പിക്കുന്നു.

മാദ്ധ്യമങ്ങളെയാണ് പഴിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ട എന്ന വ്യക്തമായ സന്ദേശം തന്നെയാണ് സി പി എം ഈ നിലപാടിലൂടെ നല്‍കുന്നത്. വരാന്‍ പോകുന്ന നാളുകളില്‍ പാര്‍ട്ടിയും സര്‍ക്കാരും പിണറായിയിലേക്ക് ചുരുങ്ങുമോ എന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ സി പി എം കേന്ദ്ര നേതാക്കള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണം തള്ളിയിരുന്നു.