എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; പരാതി നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച്. ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കണോയെന്ന് പൊലീസ് മേധാവി തീരുമാനിക്കണമെന്ന് വസ്തുതാ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സംഭവം നടന്ന മൂന്ന് വര്‍ഷമാകുമ്പോഴാണ് വസ്തുത റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചില്‍ നിന്നും ഡിജിപി വാങ്ങിയത്.

അടുത്ത പൊലീസ് മേധാവിക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പൊലീസ് മേധാവിയായി പരിഗണനയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനും ഡിജിപി ടോമിന്‍ തച്ചങ്കരിയക്കുമായി സേനയില്‍ ശീതയുദ്ധം മുറുകുമ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കം. സുദേഷിന്റെ മകള്‍ക്കെതിരായ കേസ് അവാസിപ്പിക്കാന്‍ നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പ്രഭാത സവാരിക്കായി ഔദ്യോഗിക വാഹനത്തില്‍ കനകുന്നിലെത്തിയ ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. ഈ കേസിന്റെ അന്തിമറിപ്പോര്‍ട്ടാണ് ഡിജിപി ആവശ്യപ്പെട്ടത്. പൊലീസ് ഡ്രൈവറുടെ പരാതി നിലനില്‍ക്കുമെന്നാണ് നിയമോപദേശമെന്ന് ക്രൈംബ്രാഞ്ച് ഡിജിപിയെ അറിയിച്ചു. പൊലീസ് ഡ്രൈവര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് സുധേഷ് കുമാറിന്റെ മകളും പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

ഔദ്യോഗിക കാര്‍ ചട്ടം ലംഘിച്ച് സ്വകാര്യ യാത്രക്ക് അനുവദിച്ചതുള്‍പ്പെടെ കുറ്റപത്രത്തില്‍ സുധേഷ് കുമാറിന്റെ പേരും പരാമശിക്കേണ്ടിവരും. അതിനാല്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ക്കെതിരായ കേസില്‍ കുറ്റപത്രം നല്‍കുന്ന കാര്യം ഡിജിപിക്ക് തീരുമാനിക്കാമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണം സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസില്‍ അന്തിമ റിപ്പോട്ട് കോടതിയില്‍ നല്‍കാന്‍ കഴിയാതിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ ബുദ്ധിപരമായ നീക്കം.