രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ജോസ് കെ. മാണി; ബുദ്ധിമുട്ടെന്ന് സിപിഎം

    തിരുവനന്തപുരം∙ മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയക്ഷി ചര്‍ച്ചകള്‍ എകെജി സെന്ററില്‍ പുരോഗമിക്കുന്നതിനിടെ സിപിഎം – കേരള കോണ്‍ഗ്രസ് (എം) ചര്‍ച്ചയില്‍ ധാരണയായില്ല. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് പക്ഷം ആവശ്യപ്പെട്ടു. ഇത് ബുദ്ധിമുട്ടാണെന്ന് സിപിഎം വ്യക്തമാക്കി. അതേസമയം, ജെഡിഎസ് – എല്‍ജെഡി ലയനം സിപിഎം വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ തടസ്സം എല്‍ജെഡിയുടെ നിലപാടാണെന്ന് ജെഡിഎസ് അറിയിച്ചു.

    മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, റോഷി അഗസ്റ്റിന്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരാണു തിരുവനന്തപുരത്ത് ചര്‍ച്ചയില്‍ പങ്കെടുത്തത്.

    ശനിയാഴ്ച പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. ഇടുക്കിയില്‍നിന്നു ജയിച്ച റോഷി അഗസ്റ്റിനാണ് മുന്‍തൂക്കം. രണ്ടെണ്ണം ലഭിച്ചാല്‍ ഡോ. എന്‍. ജയരാജിന് അവസരം ലഭിക്കും. പാര്‍ട്ടിക്ക് 5 എംഎല്‍എമാരുണ്ട്. ഒന്നും രണ്ടും എംഎല്‍എമാരുള്ള ഘടക കക്ഷികള്‍ക്കും ഒരു മന്ത്രിസ്ഥാനം ലഭിക്കുന്നതിനാല്‍ തങ്ങള്‍ക്ക് 2 മന്ത്രി വേണമെന്നാണ് ആവശ്യം.

    പാര്‍ട്ടിയുടെ ആസ്ഥാന ജില്ലയായ കോട്ടയത്തുനിന്നു മന്ത്രി വേണം എന്ന അഭിപ്രായവും ഉയരുന്നുണ്ട്. കോട്ടയത്തുനിന്നുള്ള എംഎല്‍എയെക്കൂടി മന്ത്രിയാക്കിയില്ലെങ്കില്‍ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് അഭിപ്രായം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടു മന്ത്രിപദവിക്കായി സമ്മര്‍ദം ചെലുത്താനായിരുന്നു തീരുമാനം.

    ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പോലുള്ള മറ്റേതെങ്കിലും പദവിയും നിര്‍ദേശിച്ചാല്‍ എന്തു ചെയ്യണമെന്നതില്‍ തീരുമാനം എടുത്തിട്ടില്ല. റവന്യു, കൃഷി, പൊതുമരാമത്ത് എന്നിവയില്‍ ഏതെങ്കിലും വേണമെന്ന പാര്‍ട്ടി താല്‍പര്യവും അറിയിക്കും. മന്ത്രിസ്ഥാനം തീരുമാനിച്ച ശേഷം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കാനാണു നീക്കം.