കോവിഡ് കാലത്തും പെട്രോള്‍ വില കുതിക്കുന്നു; മഹാരാഷ്ട്രയിലും 100 കടന്നു

മുംബൈ: കോവിഡ് ദുരിതങ്ങള്‍ക്കിടയിലും ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ മഹാരാഷ്ട്രയിലും ചിലയിടങ്ങളില്‍ തിങ്കളാഴ്ച പെട്രോള്‍ വില ലീറ്ററിന് 100 രൂപ കടന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 91.53 രൂപയും ഡീസല്‍ 82.06 രൂപയുമാണ്.

രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞ ദിവസം പെട്രോള്‍ വില നൂറു രൂപ കടന്നിരുന്നു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പര്‍ഭാനിയിലാണ് പെട്രോള്‍ വില 100.20 രൂപയായത്. ഭോപ്പാലില്‍ വില 99.55 രൂപയാണ്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ വില 102.42 രൂപയും മധ്യപ്രദേശിലെ അനുപ്പൂരില്‍ 102.12 രൂപയുമായിരുന്നു വില. രാജസ്ഥാനും മധ്യപ്രദേശുമാണ് പെട്രോളിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാറ്റ് ചുമത്തുന്നത്. ഫെബ്രുവരിക്കു ശേഷം രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്നത് രണ്ടാം തവണയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 91.63 രൂപയിലെത്തി. ഡീസല്‍വില 86.48 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93.51രൂപ. ഡീസല്‍ വില 88.25 രൂപ.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചു തവണയായി പെട്രോളിന് 1.14 രൂപയും ഡീസലിന് 1.33 രൂപയുമാണ് വര്‍ധിപ്പിച്ചത്. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 15 വരെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തടഞ്ഞുവച്ചിരുന്ന വര്‍ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.