കേരളത്തിന് വാക്സിന്‍ എപ്പോള്‍ നല്‍കും? വെള്ളിയാഴ്ചക്കകം മറുപടി വേണം; കേന്ദ്രത്തോട് ഹൈക്കോടതി

    കൊച്ചി: കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

    നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇന്ന് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതല സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

    അതേസമയം കോവിഡ് കേസുകള്‍ കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസിലാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

    നിലവില്‍ എത്ര സ്റ്റോക്ക് വാക്‌സിന്‍ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിന്‍ വിതരണത്തിന് സപ്ലൈ കലണ്ടര്‍ തയ്യാറാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.