ട്രാക്ടര്‍ ഓടിച്ച് സെല്‍ഫി, കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം!

വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇടാനുള്ള സെല്‍ഫി ട്രാക്ടറില്‍ ഇരുന്ന് എടുക്കുന്നതിനിടെ 20കാരന്‍ വാഹനത്തോടൊപ്പം കിണറ്റില്‍ വീണു മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ വാണിയമ്പാടിയില്‍ ആണ് ദാരുണ സംഭവം. ചിന്നമേട്ടൂര്‍ സ്വദേശി കൃഷ്ണന്റെ മകന്‍ സഞ്ജീവ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലായിരുന്നു അപകടം എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെന്നൈയില്‍ കാറ്ററിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന സഞ്ജീവ് നിലമുഴുന്നത് കാണാന്‍ ബന്ധുവായ ട്രാക്ടര്‍ ഡ്രൈവര്‍ക്കൊപ്പം വയലില്‍ എത്തിയതായിരുന്നു. തൊഴിലാളികള്‍  ഭക്ഷണം കഴിക്കാന്‍ പോയ നേരത്ത് നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറില്‍ കയറിയ യുവാവ് ആദ്യം ട്രാക്ടറില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുത്തു. ഇത് വാട്‌സാപ്പില്‍ സ്റ്റാറ്റസായി അപ്പ് ലോഡ് ചെയ്ത ശേഷം ട്രാക്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് പിറകിലേക്ക് എടുത്തു. വാഹനം ഓടിക്കുന്നതുപോലെ അഭിനയിച്ച് വീഡിയോ ചിത്രീകരിക്കാനായിരുന്നു ശ്രമം. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടര്‍, വയലിലെ 120 അടി ആഴമുള്ള വലിയ കിണറിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം കിണറില്‍ 35 അടിയോളം വെള്ളമുണ്ടായിരുന്നു.

നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും  ട്രാക്ടറില്‍ക്കുടുങ്ങിയ യുവാവ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരം അറിയിച്ചു. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വെള്ളം വറ്റിച്ച ശേഷം  ക്രെയിന്‍ ഉപയോഗിച്ചാണ് കിണറില്‍ നിന്ന് യുവാവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് ട്രാക്ടറില്‍ ഇരുന്ന് അവസാന നിമിഷം എടുത്ത ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.