ഓക്സിജൻ ലഭിക്കാതെ ഗോവയിൽ എട്ട് കോവിഡ് രോഗികൾ കൂടി മരിച്ചു

പനജി∙ ഓക്സിജൻ ലഭിക്കാതെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ട് കോവിഡ് രോഗികൾ കൂടി മരിച്ചു. ഓക്സിജൻ ലഭിക്കാതെ ഈ ആഴ്ച മാത്രം സർക്കാർ ആശുപത്രികളിൽ 83 പേരാണ് മരിച്ചത്. പുലർച്ചെ 2 മുതൽ 6 വരെയുള്ള സമയത്താണ് കൂടുതൽ രോഗികളും മരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം ഓക്സിജൻ ക്ഷാമമല്ല, കോവിഡ് മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ രാത്രിയിൽ ഓക്സിജൻ വിതരണത്തിൽ തടസം നേരിടുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കളും നഴ്സുമാരും പറഞ്ഞു. 24 മണിക്കൂറിനിടെ 58 കോവിഡ് രോഗികളാണ് മരിച്ചത്. 33 മൂന്നു പേരും മരിച്ചത് ഗോവ മെഡിക്കൽ കോളജിലാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42% ആണ്.

പുതിയ ടാങ്ക് സ്ഥാപിച്ചതോടെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു. 20,000 കിലോ ലീറ്ററിന്റെ ഓക്സിജൻ ടാങ്ക് ആണ് ഗോവ മെഡിക്കൽ കോളജിൽ ശനിയാഴ്ച സ്ഥാപിച്ചത്. അതേ സമയം ഓക്സിജൻ ക്ഷാമത്തിന് കാരണം രാഷ്ട്രീയ വടംവലിയാണെന്നും ആരോപണമുണ്ട്. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.