പി സി ജോര്‍ജിനെതിരെ ഭീഷണി മുഴക്കിയ സംഭവം: യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കോട്ടയം: പി.സി. ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയുലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നടയ്ക്കല്‍ സ്വദേശി അറഫ നഗര്‍ അമീന്‍ യൂസഫ് ആണ് സ്റ്റേഷനില്‍ ഹാജരായത്. ഇയാളെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലും എന്നായിരുന്നു ആദ്യ വീഡിയോയില്‍ യുവാവ് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ജോര്‍ജ് പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

താന്‍ ജിഹാദിയോ എസ്.ഡി.പി.ഐയോ അല്ലെന്നും ഓര്‍മവച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും വീശദീകരിച്ചു കൊണ്ടായിരുന്നു രണ്ടാമത്തെ വീഡിയോ. ഈ വീഡിയോയില്‍ ജോര്‍ജിനോട് മാപ്പ് പറയണമെങ്കില്‍ തന്റെ ശ്വാസം നിലയ്ക്കണമെന്നും യുവാവ് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ, അവര്‍ തന്നെ എന്തു ചെയ്താലും നേരിടാന്‍ തയ്യാറാണെന്നും, ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ ഇറങ്ങാന്‍ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ടെന്നും ജോര്‍ജ് പ്രതികരിച്ചിരുന്നു.