സര്‍ക്കാര്‍ സഹകരണത്തോടെ സിഎഫ്എല്‍ടിസി ആരംഭിക്കാന്‍ കിംസ്ഹെല്‍ത്ത്

തിരുവനന്തപുരം: നേരിയ കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ തിരുവനന്തപുരം കിംസ്ഹെല്‍ത്ത് സര്‍ക്കാരുമായി സഹകരിച്ച് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ (സിഎഫ്എല്‍ടിസി) ആരംഭിക്കുന്നു. കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ഉറപ്പാക്കാനാണ് നടപടി.

24 മണിക്കൂറും ഡോക്ടര്‍, നഴ്സ്, മറ്റ് സ്റ്റാഫുകള്‍ എന്നിവരുടെ സേവനവും ആവശ്യമായ മരുന്ന്, ഓക്സിജന്‍, ആംബുലന്‍സ് സജീകരണങ്ങളും ബയോമെഡിക്കല്‍ – ജനറല്‍ വേസ്റ്റ് മാനേജ്മെന്‍റ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങളാണ് സിഎഫ്എല്‍ടിസിയില്‍ ഒരുക്കുന്നത്. കൊവിഡ് രോഗികളെ  അനുബന്ധമായി ശുചിമുറിയുള്ള വ്യത്യസ്ത മുറികളില്‍ പരിചരിക്കും.

അഡ്മിഷന്‍ സമയത്തും കൃത്യമായ ഇടവേളകളിലും രോഗിയുടെ രക്തസമ്മര്‍ദം, ഓക്സിജന്‍റ് അളവ്,  പള്‍സ്, താപനില, ശ്വാസോഛ്വോസ നിരക്ക് ഉള്‍പ്പെടെയുള്ള  പ്രാഥമിക പരിശോധനകള്‍ നടത്തും.  രോഗം വഷളാകുന്ന സാഹചര്യമുണ്ടെങ്കില്‍ കൊവിഡ് ആശുപത്രിയിലേക്ക് ഉടന്‍ റഫര്‍ ചെയ്യുകയും ചെയ്യും.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സിഎഫ്എല്‍ടിസിയുടെ പ്രവര്‍ത്തനം. അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകളും സ്വീകരിക്കും. കിടക്കകളുടെ ലഭ്യത, അഡ്മിഷന്‍, ഡിസ്ചാര്‍ജ്, റഫര്‍ ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യും.