അപകട ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഒരുങ്ങി സായ്

ന്യൂഡൽഹി, മെയ് 20, 2021

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഈ വർഷം മുതൽ 13,000-ലധികം അത്‌ലറ്റുകൾ, കോച്ചുകൾ, സപ്പോർട്ട് സ്റ്റാഫുകൾ എന്നിവർക്ക് ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ നൽകും. രാജ്യത്തെ കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ എല്ലാ കായികതാരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനുള്ള യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ തീരുമാനത്തിന് അനുസൃതമാണിത്.

5 ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ എല്ലാ ദേശീയ ക്യാമ്പർമാർക്കും, ദേശീയ ക്യാമ്പർമാർ
ആകാൻ സാധ്യത ഉള്ളവർക്കും, ഖേലോ ഇന്ത്യ അത്ലറ്റുകൾക്കും, സായ് സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ജൂനിയർ ക്യാമ്പർമാർക്കും നൽകും.

ആരോഗ്യ ഇൻഷുറൻസ് 5 ലക്ഷം രൂപ വീതവും, അപകടത്തിനോ മരണത്തിനോ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ ചില വിഭാഗങ്ങളിൽ അത്തരം ക്യാമ്പുകൾ പ്രവർത്തിച്ചിട്ടില്ലെങ്കിലും, ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി അത്ലറ്റുകളെയും സപ്പോർട്ട് സ്റ്റാഫുകളെയും കണ്ടെത്താൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ദേശീയ കായിക ഫെഡറേഷനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പതിവായി നിരീക്ഷിക്കാൻ കഴിയുന്ന സുതാര്യവും എളുപ്പത്തിൽ ലഭ്യമാക്കാവുന്നതുമായ ഒരു പ്രക്രിയ സൃഷ്ടിക്കുന്നതിന് ഈ ഇൻഷുറൻസ് സ്കീമിന് കീഴിൽ ഉൾപെടുന്നവരുടെ വിവരങ്ങൾ ദേശീയ സ്പോർട്സ് റിപ്പോസിറ്ററി സിസ്റ്റത്തിൽ സൂക്ഷിക്കുകയും ചെയ്യും.

ഇത് കൂടാതെ, 596 മുൻ അന്താരാഷ്ട്ര കായികതാരങ്ങളെ പ്രതിമാസ പെൻഷൻ നൽകി യുവജനകാര്യ കായിക മന്ത്രാലയം പിന്തുണയ്ക്കുന്നു.