മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം: കര്‍ശന നിലപാടുമായി സിപിഎം

    തിരുവനനന്തപുരം: സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകളുമായി പാര്‍ട്ടി സെക്രട്ടേറിയറ്റ്. പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുമെന്നാണ് സിപിഎം നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരുടേയും മറ്റ് പേഴ്‌സണല്‍ സ്റ്റാഫുകളുടേയും കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്.

    പാര്‍ട്ടി അംഗങ്ങളായ, പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ നടത്താന്‍ പാടുള്ളു എന്ന കര്‍ശന നിര്‍ദേശം ഉണ്ട്.

    പേഴ്സണല്‍ സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമെ പേഴ്സണല്‍ സ്റ്റാഫായി നിയമനം നല്‍കാവു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ സ്റ്റാഫിലേക്ക് വരുമ്പോള്‍ പ്രായപരിധി 51 വയസായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച നിലപാട് സ്വീകരിച്ചത്.